തുടർച്ചയായ ഒമ്പതാം തവണയും ബുണ്ടസ്ലിഗ രാജാക്കന്മാരായി ബയേൺ!

ബൂണ്ടസ്ലീഗയിൽ ബയേൺ ജേതാക്കളായി! ഇന്ന് നടന്ന മത്സരത്തിൽ ലീഗ് ടേബിളിൽ രണ്ടാമതുള്ള RB ലൈപ്സിഷ് ബൊറൂസ്സിയ ഡോർട്ട്മുണ്ടിനോട് പരാജയപ്പെട്ടതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്. ഈ തോൽവിയോടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും ലൈപ്സിഷിന് ബയേണിനെ മറികടക്കാൻ കഴിയില്ലെന്നുറപ്പായി. നിലവിൽ 31 മത്സരങ്ങളിൽ നിന്ന് ബയേണിന് 71 പോയിൻ്റും 32 മത്സരങ്ങളിൽ നിന്നും ലൈപ്സിഷിന് 64 പോയിൻ്റുമാണുള്ളത്. ബയേണിൻ്റെ തുടർച്ചയായ ഒമ്പതാം ബൂണ്ടസ്ലിഗ കിരീടമാണിത്. ഇന്ന് അവർ ബൊറൂസ്സിയ മോൻഷൻഗ്ലാഡ്ബാക്കിനെ നേരിടുന്നുണ്ട്.

ജെയ്ഡൻ സാഞ്ചോ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ഡോർട്ട്മുണ്ട് ലൈപ്സിഷിനെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണവർ വിജയിച്ച് കയറിയത്. സാഞ്ചോക്ക് പുറമെ മാർക്കോ റ്യൂസും അവർക്കായി ഗോൾ നേടി. ലൂക്കാസ് ക്ലോസ്റ്റെർമാനും ഡാനി ഒൽമോയുമാണ് ലൈപ്സിഷിൻ്റെ ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ഡോർട്ട്മുണ്ടിന് ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത സജീവമാക്കാനും കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *