ചെൽസി കീപ്പറെ പൊക്കാൻ ടുഷെൽ,ഓഫർ നൽകി!

ബയേൺ മ്യൂണിക്കിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ മാനുവൽ ന്യൂയർ പരിക്ക് മൂലം ഏറെക്കാലമായി പുറത്താണ്. പകരക്കാരനായി കൊണ്ടായിരുന്നു യാൻ സോമ്മറെ ബയേൺ സ്വന്തമാക്കിയിരുന്നത്.എന്നാൽ അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് ഇന്റർ മിലാനിലേക്ക് പോയിട്ടുണ്ട്.ന്യൂയർ വന്നു കഴിഞ്ഞാൽ ബയേണിൽ ബെഞ്ചിലിരിക്കേണ്ടി വരുമെന്ന കാരണത്താലാണ് ഇപ്പോൾ സോമ്മർ ക്ലബ്ബ് വിട്ടിട്ടുള്ളത്.

അതുകൊണ്ടുതന്നെ ബയേണിന് ഒരു ഗോൾകീപ്പർ അടിയന്തരമായി ആവശ്യമാണ്. പരിശീലകനായ തോമസ് ടുഷെലിന് ചെൽസിയുടെ ഗോൾ കീപ്പറായ കെപ അരിസബലാഗയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അവർ ഒരു ഓഫർ നൽകുകയും ചെയ്തിട്ടുണ്ട്. പ്രമുഖ മാധ്യമമായ സ്‌കൈ ജർമ്മനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആവശ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല വാങ്ങാനുള്ള ഓപ്ഷനും ബയേൺ ചെൽസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ചെൽസി താരത്തെ വിട്ടു നൽകുമോ എന്നുള്ളത് ഉറപ്പില്ല. കാരണം ഇതിനോടകം തന്നെ ഗോൾകീപ്പറായ മെന്റിയെ അവർക്ക് നഷ്ടമായിരുന്നു. എന്നിരുന്നാലും റോബർട്ട് സാഞ്ചസിനെ അവർ ഗോൾകീപ്പർ പൊസിഷനിലേക്ക് എത്തിച്ചിട്ടുണ്ട്. 2025 വരെയുള്ള ഒരു കോൺട്രാക്ടാണ് നിലവിൽ കെപക്ക് ചെൽസിയുമായി ഉള്ളത്. നേരത്തെ ചെൽസിയിൽ വെച്ച് ടുഷെലിന് കീഴിൽ കെപ കളിച്ചിട്ടുണ്ട്.

2018ൽ 80 മില്യൻ യൂറോയെന്ന ലോക റെക്കോർഡ് തുകക്കായിരുന്നു കെപയെ ചെൽസി സ്വന്തമാക്കിയത്. എന്നാൽ അതിനനുസരിച്ചുള്ള ഒരു മികവ് പുലർത്താൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു.ഏതായാലും ഒരു ഗോൾകീപ്പറെ അത്യാവശ്യമായ സ്ഥിതിക്ക് ബയേൺ കാര്യമായ രീതിയിൽ തന്നെ കെപക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *