കരാറുണ്ടെന്ന കാര്യം മറക്കേണ്ട,പരിശീലനത്തിന് എത്തിക്കോണം : ലെവക്ക് മുന്നറിയിപ്പുമായി ഒലിവർ ഖാൻ!

ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ട് നാളുകൾ ഏറെയായി. സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് ലെവന്റോസ്ക്കി ഉദ്ദേശിക്കുന്നത്. എന്നാൽ താരത്തിന്റെ ക്ലബ്ബായ ബയേൺ ലെവയെ വിടുന്ന പ്രശ്നമില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ ഇപ്പോൾ സങ്കീർണമാണ്.

ഏതായാലും ലിവർപൂളിന്റെ സൂപ്പർ താരമായിരുന്ന സാഡിയോ മാനെയെ സ്വന്തമാക്കാൻ ബയേണിന് സാധിച്ചിരുന്നു. താരത്തിന്റെ അവതരണവേളയിൽ ക്ലബ് ഡയറക്ടറായ ഒലിവർ ഖാൻ ചില ഓർമ്മപ്പെടുത്തലുകൾ ലെവന്റോസ്ക്കിക്ക് നൽകിയിട്ടുണ്ട്. അതായത് ബയേണുമായി കരാറുണ്ട് എന്ന കാര്യം മറക്കേണ്ടെന്നും പ്രീ സീസണിൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടാവുമെന്നാണ് തങ്ങൾ കരുതുന്നത് എന്നുമാണ് ഒലിവർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇതുവരെ കാര്യങ്ങൾ ഒന്നും മാറിയിട്ടില്ല.ലെവന്റോസ്ക്കി ആശങ്കയിലാണ്. 2023 വരെ അദ്ദേഹത്തിന് ഞങ്ങളുമായി കരാർ അവശേഷിക്കുന്നുണ്ട്. പരിശീലനം ആരംഭിക്കുന്നതിന്റെ ആദ്യ ദിവസം തന്നെ അദ്ദേഹം ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്.അദ്ദേഹം ബാഴ്സയെയും മറ്റു ക്ലബ്ബുകളെയും പരിഗണിക്കുന്നുണ്ട്. പക്ഷേ ഞങ്ങളുമായി അദ്ദേഹത്തിന് കരാറുണ്ട് എന്നുള്ള കാര്യം മറക്കേണ്ട. അത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ആശങ്കകൾ ഒന്നുമില്ല ” ഇതാണ് ഒലിവർ ഖാൻ പറഞ്ഞിട്ടുള്ളത്.

ജൂലൈ പന്ത്രണ്ടാം തീയതിയാണ് ബയേൺ പ്രീ സീസൺ പരിശീലനം ആരംഭിക്കുക. അന്ന് അദ്ദേഹം ടീമിനൊപ്പം ചേരണമെന്ന് മുന്നറിയിപ്പാണ് ഇതിലൂടെ ഒലിവർ ഖാൻ നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *