എട്ടിന്റെ തിളക്കത്തിൽ ബയേൺ, ബുണ്ടസ്‌ലിഗയിൽ ജേതാക്കൾ

ബുണ്ടസ്‌ലീഗയിൽ രണ്ട് മത്സരങ്ങൾ ഇനിയും അവശേഷിക്കെ കിരീടം ചൂടി ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരം വെർഡർ ബ്രമനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചാണ് ബയേൺ വീണ്ടും കിരീടമണിഞ്ഞത്. ജർമനിയിൽ തങ്ങളെ വെല്ലാൻ മറ്റൊരു ക്ലബില്ലെന്ന് ഒന്നുകൂടെ അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് ബയേൺ തുടർച്ചയായ എട്ടാം തവണയും കിരീടം ഷെൽഫിലെത്തിച്ചത്. മത്സരശേഷം എട്ട് എന്നെഴുതിയ ജേഴ്‌സി ധരിച്ചാണ് താരങ്ങൾ കിരീടനേട്ടം കൊണ്ടാടിയത്. ബയേണിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ആദ്യസീസണിൽ തന്നെ കിരീടം നേടാനായതും ഹാൻസി ഫ്ലിക്കിന് ആഹ്ലാദിക്കാവുന്ന ഒന്നാണ്. തങ്ങളുടെ മുപ്പതാം ലീഗ് കിരീടമാണ് ബയേൺ നേടിയത്.ജർമ്മനിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമും ബയേൺ തന്നെയാണ്. എന്നാൽ കിരീടനേട്ടം ആഘോഷിക്കാൻ ആരാധകരില്ലാതെ പോയത് ബയേണിനെ സംബന്ധിച്ചെടുത്തോളം വേദനാജനകമായ ഒരു കാര്യമായിരുന്നു.

മത്സരത്തിന്റെ നാല്പത്തിമൂന്നാം മിനുട്ടിലാണ് ബയേണിന് കിരീടം സമ്മാനിച്ച ആ ഗോൾ പിറന്നത്. ബോട്ടെങ്ങിന്റെ പാസിൽ നിന്ന് തകർപ്പനൊരു ഷോട്ടിലൂടെയാണ് ലെവെന്റോസ്‌കി വിജയഗോൾ കണ്ടെത്തിയത്. ഈ ലീഗിൽ തരാം അടിച്ചുകൂട്ടുന്ന മുപ്പത്തിയൊന്നാം ഗോളായിരുന്നു അത്. ഏകദേശം ഓരോ മത്സരത്തിൽ ഓരോ ഗോൾ എന്ന നിരക്കിലാണ് ലെവൻന്റോസ്കി ഈ സീസണിൽ അടിച്ചു കൂട്ടിയത്. ജയത്തോടെ 32 മത്സരങ്ങളിൽ 76 പോയിന്റാണ് ബയേൺ നേടിയത്. ഒരു മത്സരം കുറച്ചു കളിച്ച ഡോർട്മുണ്ടിന് 66 പോയിന്റാണ്.ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ബയേൺ വിജയിച്ചാലും ബയേണിനെ എത്തിപ്പിടിക്കാൻ സാധിക്കില്ല. ഇതോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ ബയേൺ കിരീടമുറപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *