അവസാനിക്കാത്ത പ്രേത പടത്തിൽപ്പെട്ട അവസ്ഥ: ബയേണിനെ കുറിച്ച് സൂപ്പർതാരം.
ഇന്നലെ ജർമൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബയേണിനെ ബോകും പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബയേൺ രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു. മാത്രമല്ല ഉപമെക്കാനോ റെഡ് കാർഡ് കണ്ട് പുറത്തു പോയതും അവർക്ക് തിരിച്ചടിയായി.
തുടർച്ചയായ മൂന്നാം തോൽവിയാണ് ഇപ്പോൾ ബയേൺ ഏറ്റുവാങ്ങുന്നത്. നേരത്തെ ബയേർ ലെവർകൂസൻ,ലാസിയോ എന്നിവർ ബയേണിനെ തോൽപ്പിച്ചിരുന്നു. ക്ലബ്ബിന്റെ ഈ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ അവരുടെ സൂപ്പർതാരമായ ലിയോൺ ഗോറട്സ്ക്ക പ്രതികരിച്ചിട്ടുണ്ട്.ഒരിക്കലും അവസാനിക്കാത്ത ഹൊറർ മൂവിയിലെ അവസ്ഥയാണ് ഇപ്പോൾ ക്ലബ്ബിനുള്ളത് എന്നാണ് ഈ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Bayern’s loss at 11th-place Bochum means Bayer Leverkusen end the weekend eight points clear at the top 🏆💨 pic.twitter.com/Qc1woayUuy
— B/R Football (@brfootball) February 18, 2024
” ഒരിക്കലും അവസാനിക്കാത്ത ഹൊറർ മൂവിയിൽ ഉള്ളതുപോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്.നിലവിൽ എല്ലാം ഞങ്ങൾക്ക് എതിരാണ്. അവസാനം ഒരു താരം ഇല്ലാതെയാണ് ഞങ്ങൾ പൊരുതിയത്. ഒരുപാട് വ്യക്തിഗത പിഴവുകൾ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. ഈ അവസരത്തിൽ ഞങ്ങൾ എല്ലാത്തിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്.നിലവിൽ ഞങ്ങൾക്ക് കിരീടം നേടാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് തുറന്ന് പറയാൻ എനിക്ക് യാതൊരുവിധ മടിയുമില്ല “ഇതാണ് ഗോറട്സ്ക്ക പറഞ്ഞിട്ടുള്ളത്.
നിലവിൽ ജർമൻ ലീഗിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്. 22 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് അവർക്കുള്ളത്.സാബി അലോൺസോയുടെ ബയേർ ലെവർകൂസൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബയേണിനേക്കാൾ 8 പോയിന്റിന്റെ ലീഡ് നിലവിൽ ലെവർകൂസനുണ്ട്.