റയലിലേക്കെത്തില്ല, അഷ്‌റഫ്‌ ഹാക്കിമി ഇന്റർമിലാനിലേക്ക്?

റയൽ മാഡ്രിഡ്‌ പ്രതിരോധനിര താരം അഷ്‌റഫ്‌ ഹാക്കിമിയെ ടീമിലെത്തിക്കാൻ ഇന്റർമിലാൻ തയ്യാറായതായി വാർത്തകൾ. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ഡി മർസിയോ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തിന് വേണ്ടി നാല്പത് മില്യൺ യുറോയാണ് ഇന്റർമിലാൻ വാഗ്ദാനം ചെയ്തതായി അറിയാൻ കഴിയുന്നത്. ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേരാൻ താരം സമ്മതം മൂളിയതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ റയൽ മാഡ്രിഡിന്റെ പ്രതികരണമൊന്നും തന്നെ ഈ കാര്യത്തിൽ ലഭിച്ചിട്ടില്ല. മൊറോക്കൻ താരമായി അഷ്‌റഫ്‌ ഹാക്കിമി തിരികെ റയലിലേക്ക് വന്നു ക്ലബിൽ തുടരുമെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് ഇന്റർമിലാന്റെ അപ്രതീക്ഷിനീക്കം.

നിലവിൽ ലോണടിസ്ഥാനത്തിൽ ബൊറൂസിയ ഡോർട്മുണ്ടിലാണ് താരം. എന്നാൽ കഴിഞ്ഞ ദിവസം പിഎസ്ജിയിൽ നിന്ന് പ്രതിരോധനിരക്കാരൻ തോമസ് മുനീറിനെ ബൊറൂസിയ സൈൻ ചെയ്തിരുന്നു. ഇതോടെ ഹാക്കിമിയെ നിലനിർത്താൻ ബൊറൂസിയ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ താരം തിരികെ റയലിലേക്ക് വന്നു തുടരുമെന്നാണ് പ്രതീക്ഷിക്കാപ്പെട്ടിരുന്നത്. എന്നാൽ താരത്തിന് റയലിൽ തുടരാൻ താല്പര്യമില്ലെന്നും അതിനാൽ പുതിയ തട്ടകം തേടുകയാണെന്നും വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇമ്പ്രൂവ് ആയ യുവതാരങ്ങളിലൊരാളാണ് ഹാക്കിമി. ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് പത്ത് അസിസ്റ്റുകൾ താരം നേടിയിരുന്നു. താരത്തെ തിരികെ എത്തിക്കണമെന്നായിരുന്നു റയൽ മാഡ്രിഡ്‌ ആരാധകരുടെ ആഗ്രഹം. എന്നാൽ താരത്തിന് താല്പര്യമില്ലാത്ത സ്ഥിതിക്ക് റയൽ എന്ത് തീരുമാനം കൈക്കൊള്ളും എന്ന് കണ്ടറിയേണം.

Leave a Reply

Your email address will not be published. Required fields are marked *