ബർത്ത്ഡേ വിഷ് ചെയ്തതിന് പിന്നാലെ താരത്തെ പുറത്താക്കി, ഷാൽക്കെയിൽ പ്രതിസന്ധിരൂക്ഷം !

വളരെ ഗുരുതരമായ ഒരവസ്ഥയിലൂടെയാണ് ബുണ്ടസ്ലിഗ കരുത്തരായ ഷാൽക്കെ കടന്നു പോവുന്നത്. അവസാനമായി കളിച്ച ഇരുപത്തിനാലു ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ ഒന്നിൽ പോലും ഷാൽക്കെക്ക്‌ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ കാര്യം. 2017/18 സീസണിൽ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാൽക്കെ ഇപ്പോൾ ലീഗിൽ അവസാനസ്ഥാനക്കാരാണ്. വളരെ മോശം പ്രകടനമാണ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇതോടെ ടീമിൽ പൊട്ടിത്തെറി ആരംഭിക്കുകയും ചെയ്തു. മൂന്ന് താരങ്ങളെയാണ് ക്ലബ് പുറത്താക്കിയത്. മിഡ്‌ഫീൽഡർ നബിൽ ബെന്റലെബ്, അമിനെ ഹറിറ്റ്, വെഡാഡ് ഇബിസെവിച്ച് എന്നീ മൂന്ന് താരങ്ങളെയാണ് ക്ലബ് ഒഴിവാക്കിയത്. ഈ ജനുവരി ട്രാൻസ്ഫറിൽ മൂവ്വരോടും ക്ലബ് വിടാനാണ് ഷാൽക്കെ നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മിഡ്‌ഫീൽഡർ നബിലിന് ഷാൽക്കെ ജന്മദിനാശംസകൾ നേർന്നിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും പിന്നാലെ തന്നെ അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഷാൽക്കെ സ്പോർട്ടിങ് ഡയറക്ടർ ഷ്നെയിഡറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ഡേവിഡ് വാഗ്നറിനെ ഷാൽക്കെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് മാനുവൽ ബോമിനെ പരിശീലകനായി ഷാൽക്കെ നിയമിച്ചത്. എന്നാൽ ഒരു മാറ്റവുമുണ്ടായില്ല. പരിക്കും കോവിഡ് പ്രതിസന്ധിയും മൂലം ഷാൽക്കെ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *