എനിക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നു, തോൽവിയിൽ നിരാശനായി കൊണ്ട് ഹാലണ്ട് പറയുന്നു !

ഇന്നലെ നടന്ന ക്ലാസ്സിക്കെർ ഡെർബിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്മുണ്ട് ബയേണിനോട് തോൽവി രുചിച്ചത്. മത്സരത്തിൽ ഹാലണ്ട് ഒരു ഗോൾ നേടിയിരുന്നുവെങ്കിലും നിരവധി അവസരങ്ങൾ താരം പാഴാക്കിയിരുന്നു. മൂന്നോളം വരുന്ന മികച്ച അവസരങ്ങളാണ് താരത്തിന് ലക്ഷ്യം കാണാനാവാതെ പോയത്. ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുതിർത്തുവെങ്കിലും അതൊക്കെ പാഴാവുകയായിരുന്നു. മാത്രമല്ല പല തവണ താരം ഓഫ്‌സൈഡ് കെണിയിൽ അകപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിയുമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മത്സരത്തിൽ ബയേണിന് വേണ്ടി അലാബ, ലെവന്റോസ്ക്കി, സാനെ എന്നിവരാണ് വലകുലുക്കിയത്.

” എനിക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നു. ഈ തലത്തിൽ ഞങ്ങൾക്ക്‌ ഞങ്ങളുടെ അവസരങ്ങൾ മുതലെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഞങ്ങൾക്ക്‌ വിജയിക്കാൻ സാധിക്കില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബയേൺ. അവരെ പോലെ മികച്ച രീതിയിൽ എത്താൻ ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യേണ്ടതുണ്ട് ” ഹാലണ്ട് പറഞ്ഞു. ഈ ബുണ്ടസ്ലിഗയിൽ ആറു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം ഇതു വരെ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. നിലവിൽ പോയിന്റ് ടേബിളിൽ ബയേൺ ഒന്നാം സ്ഥാനത്തും ഡോർട്മുണ്ട് മൂന്നാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *