പെലെയുടെയും മഷെരാനോയുടെയും റെക്കോർഡുകൾ മറികടക്കാൻ ലയണൽ മെസ്സി !

സൂപ്പർ താരം ലയണൽ മെസ്സി മറ്റു ചില റെക്കോർഡുകൾ കൂടി തകർക്കാനുള്ള ഒരുക്കങ്ങളിലാണ്. നിലവിൽ രണ്ട് റെക്കോർഡുകളാണ് മെസ്സിക്ക് മുമ്പിലുള്ളത്. ഒന്ന് ബ്രസീലിയൻ ഇതിഹാസം പെലെയുടെയും മറ്റൊന്ന് തന്റെ സഹതാരമായിരുന്ന മഷെരാനോയുടെയുമാണ്. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ മെസ്സി തന്റെ അർജന്റീന ജേഴ്സിയിലുള്ള 71-ആമത് ഗോളാണ് നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെയാണ് മെസ്സി ലക്ഷ്യം കണ്ടത്. 139 മത്സരങ്ങളിൽ നിന്നാണ് മെസ്സി 71 ഗോളുകൾ നേടിയത്. ഇനി ഏഴ് ഗോളുകൾ കൂടി നേടിയാൽ ബ്രസീലിയൻ ഇതിഹാസത്തിന്റെ റെക്കോർഡ് മറികടക്കാൻ മെസ്സിക്കാവും. 77 ഗോളുകൾ നേടിയ പെലെയാണ് തന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ തവണ വല ചലിപ്പിച്ച ലാറ്റിനമേരിക്കൻ താരം. ഈ റെക്കോർഡ് ആണ് മെസ്സി ഇപ്പോൾ മറികടക്കാനൊരുങ്ങുന്നത്.

നിലവിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇറാൻ താരം അലി ദായിയുടെ പേരിലാണ്. രണ്ടാം സ്ഥാനത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഇന്ത്യൻ താരം ഛേത്രി പത്താം സ്ഥാനത്തും മെസ്സി പതിനൊന്നാമതുമാണ്. അതേ സമയം അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സി ഏറെ മുമ്പ് തന്നെ തകർത്തതാണ്. 54 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയെയാണ് മെസ്സി മറികടന്നത്. അതേ സമയം അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി. നിലവിൽ, തന്റെ മുൻസഹതാരമായിരുന്ന ഹവിയർ മഷെരാനോയുടെ പേരിലാണ് ഈ റെക്കോർഡ്. 147 മത്സരങ്ങൾ ആണ് മഷെരാനോ അർജന്റീനക്ക്‌ വേണ്ടി കളിച്ചിട്ടുള്ളത്. മെസ്സി 139 തവണ കളിച്ചിട്ടുണ്ട്. ഇനി ഒമ്പത് മത്സരങ്ങൾ കൂടി കളിച്ചാൽ മെസ്സിക്ക് മഷെരാനോയെയും മറികടക്കാം.

Leave a Reply

Your email address will not be published. Required fields are marked *