മെസ്സിയും ദിബാലയും ഒരുമിച്ചെത്തും, അർജന്റീന ക്യാമ്പ് സജീവമാകുന്നു !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ക്യാമ്പ് ഇന്ന് സജീവമാകും. സൂപ്പർ താരങ്ങൾ എല്ലാം തന്നെ തിങ്കളാഴ്ച്ച അർജന്റീനയിൽ എത്തുമെന്നാണ് പരിശീലകൻ ലയണൽ സ്കലോണി പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ അഞ്ച് താരങ്ങളാണ് ക്യാമ്പിൽ ഉള്ളത്. ഇന്നലെയായിരുന്നു സ്കലോണി അവസാനലിസ്റ്റ് പുറത്തു വിട്ടത്. അതിൽ അർജന്റീന ലീഗിൽ കളിക്കുന്ന അഞ്ച് താരങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഇവരാണ് നിലവിൽ സ്കലോണിക്ക് ഒപ്പമുള്ളത്. എസ്തബാൻ ആൻഡ്രാഡ, ഫ്രാങ്കോ അർമാനി, ഗോൺസാലോ മോണ്ടിയേൽ, ലുക്കാസ് മാർട്ടിനെസ് ക്വാർട്ട, എഡ്വഡോ സാൽവിയോ എന്നീ അഞ്ച് താരങ്ങളെയാണ് പുതുതായി സ്കലോണി ടീമിൽ ഉൾപ്പെടുത്തിയത്. ഇനി വിദേശത്തുള്ള താരങ്ങളാണ് ടീമിനോടൊപ്പം ചേരാനുള്ളത്. ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ട്‌ പ്രകാരം രണ്ട് വിമാനങ്ങളിലായാണ് വിദേശത്തുള്ള അർജന്റൈൻ താരങ്ങൾ ക്യാമ്പിൽ എത്തുക.

ആദ്യത്തെ ചാർട്ടെർഡ് വിമാനത്തിൽ സൂപ്പർ താരം ലയണൽ മെസ്സി, പൌലോ ദിബാല, മാർക്കോസ് അക്യുന, ലുക്കാസ് ഒകമ്പസ്, നിക്കോളാസ് ഓട്ടമെന്റി, യുവാൻ ഫോയ്ത്ത്‌ എന്നിവരാണ് ഉണ്ടാവുക. കൂടാതെ സ്പാനിഷ് മാധ്യമമായ എഎസ് പറയുന്നത് ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസും ഇവരോടൊപ്പം ഉണ്ടാവുമെന്നും വിമാനം അർജന്റൈൻ സമയം രാത്രി എട്ട് മണിയോടെ അർജന്റീനയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നുമാണ്. ബാക്കിയുള്ള താരങ്ങളെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനം അർജന്റൈൻ സമയം 12:40 -ന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.തുടർന്ന് സമയം പാഴാക്കാതെ പരിശീലനം ആരംഭിച്ചേക്കും. ഈ മാസം എട്ടാം തിയ്യതി ഇക്വഡോറിനെതിരെയും പതിമൂന്നാം തിയ്യതി ബൊളീവിയക്കെതിരെയുമാണ് അർജന്റീന കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *