ഗോളടിച്ച് വിനീഷ്യസും ബെൻസിമയും, മൂന്നാം ജയവുമായി റയൽ ഒന്നാമത് !

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ ലെവാന്റെയെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ, കരിം ബെൻസിമ എന്നിവരാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. ലീഗിൽ റയൽ നേടുന്ന തുടർച്ചയായ മൂന്നാം വിജയമാണിത്. ഒരു ഘട്ടത്തിൽ ലെവാന്റെ റയൽ മാഡ്രിഡിന് വെല്ലുവിളി ഉയത്തുമെന്ന് തോന്നിച്ചുവെങ്കിലും കൃത്യമായി പ്രതിരോധിച്ചു കൊണ്ട് റയൽ വിജയം പിടിച്ചു വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ കണ്ടെത്തുന്നത്. ജയത്തോടെ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ്‌ ഒന്നാമതാണ്. നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റാണ് റയൽ മാഡ്രിഡിന്റെ സമ്പാദ്യം.

പരിക്കേറ്റ കാർവഹലിന് പകരം നാച്ചോക്ക് സ്ഥാനം നൽകിയാണ് സിദാൻ ഇലവൻ പുറത്തു വിട്ടത്. വിനീഷ്യസ്, ബെൻസിമ, അസെൻസിയോ എന്നിവർ മുന്നേറ്റനിരയെ നയിച്ചു. മത്സരത്തിന്റെ പതിനാറാം മിനുട്ടിലാണ് വിനീഷ്യസ് ഗോൾ നേടിയത്. ബോക്സിനകത്തു വെച്ച് തനിക്ക് ലഭിച്ച മനോഹരമായി വിനീഷ്യസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോളിന്റെ ലീഡിൽ റയൽ ആദ്യ പകുതിയിൽ കളം വിട്ടു. രണ്ടാം പകുതിയിൽ ലെവാന്റെ കളിയിലേക്ക് തിരിച്ചു വന്നു. പലകുറി റയലിന്റെ ഗോൾമുഖത്ത് ഭീഷണിയുയർത്തി. റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ കോർട്ടുവയുടെ ഇടപെടലാണ് റയലിന്റെ രക്ഷക്കെത്തിയത്. ഒടുവിൽ റയൽ ഒരു ഗോളിന് ജയിക്കുമെന്നിരിക്കെയാണ് ബെൻസിമയുടെ അവസാനനിമിഷത്തിലെ ഗോൾ വരുന്നത്. മൈതാനമധ്യത്തിൽ നിന്നും പന്തുമായി കുതിച്ച ബെൻസിമ ഒരു പ്രതിരോധനിര താരത്തെ കബളിപ്പിച്ചു കൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു. തുടർച്ചയായ മൂന്നാം ജയം സിദാനും സംഘത്തിനും ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *