എമിലിയാനോ മാർട്ടിനെസിനെ വിട്ടുകളഞ്ഞ ആഴ്‌സണലിനെ വിമർശിച്ച് മുൻ ഇതിഹാസതാരം !

എട്ട് വർഷത്തോളം ആഴ്‌സണലിന്റെ ഭാഗമായിരുന്ന അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഗണ്ണേഴ്സ് വിട്ടുകളഞ്ഞത്. കഴിഞ്ഞ സീസണിൽ ഗോൾകീപ്പർ ലെനോക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു മാർട്ടിനെസിനെ ആർട്ടെറ്റ പരിഗണിച്ചിരുന്നത്. അതിന് ശേഷം പ്രീമിയർ ലീഗിലും എഫ്കപ്പിലും ഗംഭീരപ്രകടനം നടത്തിയ ഈ അർജന്റൈൻ ഗോൾകീപ്പർ ആഴ്‌സണലിന് എഫ്എ കപ്പ് കിരീടം ലഭിക്കാൻ പ്രധാനകാരണക്കാരനാവുകയും ചെയ്തു. എന്നാൽ ഈ സീസണിൽ ലെനോ പരിക്ക് മാറി തിരിച്ചെത്തിയതോടെ മാർട്ടിനെസിന് വീണ്ടും സ്ഥാനം നഷ്ടമായി. തുടർന്ന് താരം ആഴ്‌സണൽ വിടുകയും ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറുകയും ചെയ്തു. അവിടെ രണ്ട് മത്സരം കളിച്ച താരം രണ്ടിലും ക്ലീൻഷീറ്റ് നേടുകയും ഒരു പെനാൽറ്റി സേവ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം ലെനോയാവട്ടെ ലിവർപൂളിനെതിരെ മൂന്നു ഗോൾ വഴങ്ങുകയും ചെയ്തു.

ഇപ്പോഴിതാ താരത്തെ ഒഴിവാക്കിയ ആഴ്‌സണലിന്റെയും ആർട്ടെറ്റയുടെയും നടപടികളെ വിമർശിച്ചിരിക്കുകയാണ് മുൻ ആഴ്‌സണൽ ഇതിഹാസമായ ടോണി ആഡംസ്. ആഴ്‌സണൽ ചെയ്തത് തെറ്റായി പോയി എന്നാണ് അദ്ദേഹം അറിയിച്ചത്. ആസ്ട്രോ സൂപ്പർ സ്പോട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇതിഹാസതാരം ആഴ്‌സണലിനെതിരെ വിമർശനം ഉയർത്തിയത്. ” അവരുടെ എഫ്എ കിരീടത്തിന് ഏറെ സഹായിച്ചത് മാർട്ടിനെസ് ആണ്. അദ്ദേഹമൊരു അഗ്രഗണ്യനായ താരമാണ്. വലിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാർട്ടിനെസ് മിടുക്കനാണ്. എന്നാൽ ലെനോ ബുദ്ധിമുട്ടുന്നത് കാണാം. എന്നിട്ടും ലെനോയെ ആർട്ടെറ്റ വിശ്വസിച്ചു കൊണ്ട് കീപ്പറാക്കി.പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹം ആദ്യ നാലിൽ വരുന്ന ഒരു ഗോൾകീപ്പർ പോലുമല്ല. കഴിഞ്ഞ പത്ത് വർഷത്തോളം ക്ലബ്ബിന്റെ ഭാഗമായിട്ടും അദ്ദേഹത്തിന് പത്ത് മത്സരങ്ങൾ പോലും തികക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ അവസരം കിട്ടിയപ്പോൾ അദ്ദേഹം തെളിയിച്ചു. എന്നിട്ടും ആർട്ടെറ്റ മറ്റൊരു കീപ്പറെയാണ് തിരഞ്ഞെടുത്തത്. അത് തെറ്റായിരുന്നു. എനിക്ക് മാർട്ടിനെസ് ആണ് നമ്പർ വൺ ഗോൾകീപ്പർ ” ആഡംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *