ബ്രൈറ്റണെ തകർത്തു കൊണ്ട് ലംപാർഡും സംഘവും പ്രീമിയർ ലീഗ് തുടങ്ങി !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ചെൽസിക്ക് ഉജ്ജ്വലവിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി എതിരാളികളായ ബ്രൈറ്റണെ തകർത്തു വിട്ടത്. പ്രീമിയർ ലീഗ് ജയത്തോടെ തന്നെ ആരംഭിക്കാൻ ലംപാർഡിനും സംഘത്തിനും കഴിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ നേടികൊണ്ടാണ് ചെൽസി മത്സരത്തിൽ ആധിപത്യം കുറിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ജോർജിഞ്ഞോയും റീസേ ജെയിംസുമാണ് മത്സരത്തിൽ നീലപ്പടയുടെ ഹീറോസ്. വിലയേറിയ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കി കൊണ്ട് സീസൺ തുടങ്ങാനായതിന്റെ ആശ്വാസത്തിലാണ് ലംപാർഡ്.

സൂപ്പർ താരങ്ങളായ ടിമോ വെർണർ, കായ് ഹാവെർട്സ് എന്നിവർ ചെൽസിയുടെ ആദ്യ പതിനൊന്നിൽ ഇടം നേടിയിരുന്നു. ടിമോ വെർണറിനെ മുന്നിൽ നിർത്തിയായിരുന്നു ചെൽസി ആക്രമണങ്ങൾ മെനഞ്ഞത്. പരിക്ക് മൂലം സിയെച്ച്, ചിൽവെൽ, സിൽവ എന്നിവർക്ക് മത്സരം നഷ്ടമായി. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ജോർജിഞ്ഞോ ചെൽസിക്ക് ലീഡ് നേടികൊടുത്തത്. ബ്രൈറ്റൻ ഗോൾ കീപ്പർ വെർണറെ ഫൗൾ ചെയ്തതിന്റെ ഫലമായാണ് പെനാൽറ്റി ലഭിച്ചത്. എന്നാൽ 54-ആം മിനുട്ടിൽ ട്രോസാർഡിലൂടെ ബ്രൈറ്റൻ തിരിച്ചടിച്ചു. ബോക്സിന് വെളിയിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് കെപയെ കീഴടക്കുകയായിരുന്നു. എന്നാൽ രണ്ട് മിനുട്ടിന് ശേഷം ജെയിംസ് ചെൽസിക്ക് ലീഡ് നേടികൊടുത്തു. ഒരു അത്യുഗ്രൻ ലോംഗ് റേഞ്ചിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. 66-ആം മിനുട്ടിൽ കുർട്ട് സൂമ നേടിയ ഗോൾ ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. താരത്തിന്റെ ഷോട്ട് എതിർതാരത്തിന്റെ കാലുകളിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ഇനി സെപ്റ്റംബർ ഇരുപതാം തിയ്യതി ലിവർപൂളിനോടാണ് ചെൽസിയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *