നെയ്മറുൾപ്പടെ അഞ്ച് പേർക്ക് ചുവപ്പ് കാർഡ്, പിഎസ്ജിക്ക് വീണ്ടും തോൽവി !

ലീഗ് വണ്ണിൽ ഇന്നലെ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ പിഎസ്ജിക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഴ്സെ പിഎസ്ജിയെ കീഴടക്കിയത്. വീറും വാശിയും നിറഞ്ഞ മത്സരം അവസാനം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ അഞ്ച് പേരെ റഫറി ചുവപ്പ് കാർഡ് കാണിച്ചു പുറത്താക്കി. ലീഗ് വണ്ണിൽ പിഎസ്ജി വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ലെൻസിനോട് പിഎസ്ജി തോൽവി അറിഞ്ഞിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ പിഎസ്ജി അവസാനസ്ഥാനങ്ങളിലാണ്. 1978/79 സീസണിന് ശേഷം ഇതാദ്യമായാണ് പിഎസ്ജി തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോളുകളൊന്നും നേടാനാവാതെ തോൽക്കുന്നത്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ ഫ്ലോറിൻ തോവിൻ നേടിയ ഗോളാണ് മാഴ്സെക്ക് ജയം നേടികൊടുത്തത്.

നെയ്മർ, ഡി മരിയ, സറാബിയ എന്നിവരായിരുന്നു മുന്നേറ്റനിരയെ നയിച്ചിരുന്നത്. ഗോൾ കീപ്പറായി നവാസിന് പകർ റിക്കോയും ഇറങ്ങി. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ ദിമിത്രി പയറ്റിന്റെ ഒരു ഫ്രീകിക്കിൽ നിന്ന് തോവിൻ ഗോൾ കണ്ടെത്തുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല. നെയ്മറും സംഘവും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു. മാഴ്സെ ഗോൾ കീപ്പർ സ്റ്റീവ് മണ്ടാണ്ടെയുടെ തകർപ്പൻ സേവുകളും പിഎസ്ജിക്ക് വിലങ്ങുതടിയായി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ പിഎസ്ജി താരങ്ങളായ കുർസാവ, നെയ്മർ, പരേഡസ് എന്നിവരെയും മാഴ്സെ താരങ്ങളായ ജോർദാൻ അമവി, ബെനഡെറ്റോ എന്നിവരെയും റഫറി ചുവപ്പ് കാണിച്ചു പുറത്താക്കി. അഞ്ച് റെഡ് കാർഡിന് പുറമെ പതിനാലു യെല്ലോ കാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. ഏതായാലും ലീഗ് വണ്ണിലെ രണ്ട് മത്സരവും തോറ്റതോടെ നിലവിലെ ചാമ്പ്യൻമാർ നാണംകെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *