താരങ്ങളേക്കാൾ വലുതാണ് ക്ലബ്, മെസ്സി വിഷയത്തിൽ എൻറിക്വേ പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സി താൻ ബാഴ്സയിൽ തന്നെ കാണുമെന്ന് പരസ്യമായി അറിയിച്ചിരുന്നു. ക്ലബ്ബിനും തനിക്കും ഇടയിലുള്ള പ്രശ്നങ്ങൾ ഫുട്ബോൾ ലോകത്തെ അറിയിച്ച മെസ്സി ക്ലബ് തന്നെ പോകാൻ അനുവദിക്കാത്തതിനാലാണ് ബാഴ്സയിൽ തുടരുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെസ്സിയുടെയും ബാഴ്സയുടെയും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ബാഴ്സ പരിശീലകനും നിലവിലെ സ്പെയിൻ പരിശീലകനുമായ ലൂയിസ് എൻറിക്വേ. വ്യക്തികളേക്കാൾ വലുതാണ് ക്ലബ് എന്നാണ് എൻറിക്വേ അറിയിച്ചത്. എന്നായാലും ഒരു ദിവസം മെസ്സി ബാഴ്സ വിട്ട് പോവേണ്ട ഒരാളാണ് എന്നും അതിനാൽ തന്നെ മെസ്സി ഇല്ലാതെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ബാഴ്സ തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു. മെസ്സിയും ക്ലബും തമ്മിൽ ഇങ്ങനെ സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും എൻറിക്വേ പറഞ്ഞു. നിലവിൽ യുവേഫ നേഷൻസ് ലീഗിൽ സ്പെയിനിനൊപ്പമാണ് എൻറിക്വേ.

” വ്യക്തികളെക്കാൾ വലുതാണ് ക്ലബുകൾ എന്നാണ് എനിക്ക് തോന്നുന്നത്. ഒട്ടേറെ കിരീടങ്ങൾ നേടിയ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്സ. ബാഴ്സയെ വളരാൻ നല്ല രീതിയിൽ സഹായിച്ച താരമാണ് മെസ്സി. അതിന് ക്ലബ് മെസ്സിയോട് നന്ദി പറയുകയും വേണം. അവർ തമ്മിൽ ഒരു പരസ്പരധാരണയിൽ എത്തുന്നതാണ് എനിക്കിഷ്ടം. എന്നാണെങ്കിലും മെസ്സി ഒരു ദിവസം ബാഴ്സയിൽ കളി നിർത്തേണ്ട ആളാണ്. അത്കൊണ്ട് തന്നെ മെസ്സിയുടെ വിടവാങ്ങൽ നല്ല രീതിയിലും സൗഹൃദപരമായും ആവുന്നതാണ് നല്ലത്. പക്ഷെ ഈ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളിൽ സഹതാപം തോന്നുന്നു. ഒരു മികച്ച താരത്തെ ഇങ്ങനെയല്ല നാം കാണാൻ ആഗ്രഹിക്കുന്നത്. ക്ലബ് മെസ്സിയുടെ അഭാവത്തിലും വിജയങ്ങൾ നേടാൻ പഠിക്കണം. മെസ്സി പോയാലും മികവ് പുലർത്താനാണ് ബാഴ്സയുടെ ഭാഗത്തു നിന്നും ശ്രമം വേണ്ടത് ” എൻറിക്വേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *