മെസ്സിയെ ബാഴ്സ ആരാധകർ കൂവിവിളിക്കുമെന്ന് കരുതുന്നില്ലെന്ന് റിവാൾഡോ !

ഒരാഴ്ച്ച മുമ്പായിരുന്നു മെസ്സി തനിക്ക് ക്ലബ് വിടണമെന്ന ആഗ്രഹം ബാഴ്‌സയെ അറിയിച്ചത്. തുടർന്ന് അതിനെ ചൊല്ലിയുള്ള പൊല്ലാപ്പുകൾ ആയിരുന്നു ഈ ആഴ്ച്ച മൊത്തവും. എന്നാൽ മെസ്സിയുടെ പിതാവ് പ്രസിഡന്റ്‌ ബർതോമ്യുവുമായി ചർച്ച നടത്തിയതിനു ശേഷം തീരുമാനങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സീസൺ കൂടി ബാഴ്സയിൽ തുടർന്നതിന് ശേഷം അടുത്ത സീസണിൽ ബാഴ്സ വിടാനുള്ള തീരുമാനമാണ് ഇപ്പോൾ മെസ്സി കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസം റിവാൾഡോ. മെസ്സി ബാഴ്സയിൽ തന്നെ തുടരുന്നു എന്ന് കരുതി ആരാധകരിൽ നിന്ന് കൂവലുകളോ മറ്റുള്ള അനിഷ്ടസംഭവങ്ങളോ ഒന്നും ഉണ്ടാവില്ലെന്നും അവർ അത്രയേറെ മെസ്സിയെ സ്നേഹിക്കുന്നുണ്ടെന്നുമാണ് റിവാൾഡോ പറഞ്ഞത്. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ ഇതിനോട് പ്രതികരിച്ചത്.

” മെസ്സി കുറഞ്ഞത് ഒരു സീസൺ എങ്കിലും ഇവിടെ നിൽക്കാൻ തീരുമാനിച്ചാൽ അതൊരു പ്രശ്നമായി മാറുമൊന്നുമില്ല. ബാഴ്സ ആരാധകർക്ക് ഇപ്പോഴും അദ്ദേഹത്തിനോട് അതിരറ്റ സ്നേഹമുണ്ട്. അവർക്കറിയാം മെസ്സി ഒരു ഇതിഹാസമാണെന്നും അദ്ദേഹം ക്ലബ്ബിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും. അടുത്ത ആഴ്ച്ചകൾക്കുള്ളിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. അദ്ദേഹം ബാഴ്സ വിടാം, അല്ലെങ്കിൽ ബാഴ്സയിൽ തുടരാം. പക്ഷെ അദ്ദേഹം ബാഴ്സയിൽ തുടർന്നു എന്ന് കരുതി, ക്യാമ്പ് നൗവിൽ അദ്ദേഹത്തെ കൂവിവിളിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ബയേണിനോട് തോറ്റ ശേഷമാകാം അദ്ദേഹം ക്ലബ് വിടാൻ തീരുമാനിച്ചത്. ക്ലബ്ബിന്റെ പ്രവർത്തികൾ തന്നെയാണ് അദ്ദേഹത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *