മെസ്സിയുടെ ഭാവി സുവാരസിന്റെ കാര്യമനുസരിച്ചായിരിക്കുമെന്ന് ഏജന്റ് !

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമോ അതോ ബാഴ്സയിൽ തന്നെ തുടരുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകത്തിന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. നിരവധി ഊഹാപോഹങ്ങളാണ് ഇത് സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ദൈനംദിനം പ്രചരിക്കുന്നത്. താരം എഫ്സി ബാഴ്സലോണ വിടാൻ ആലോചിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സുവാരസിനെ ബാഴ്സ കയ്യൊഴിയാൻ തീരുമാനിച്ച രീതിയെ കുറിച്ചായിരുന്നു. സുവാരസിനെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചത് മെസ്സിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു എന്നാണ് മാധ്യമങ്ങളുടെ ഭാഷ്യം. അത്‌ ശരിവെക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് സുവാരസിന്റെ ഏജന്റ് കഴിഞ്ഞ ദിവസം നടത്തിയത്. മെസ്സിയുടെ ഭാവിയെ സ്വാധീനിക്കാൻ സുവാരസിന്റെ തീരുമാനങ്ങൾക്ക് കഴിയുമെന്നാണ് സുവാരസിന്റെ ഏജന്റ് ആയ അലെജാൻഡ്രോ ബാൽബി അറിയിച്ചത്. കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഇദ്ദേഹം വ്യക്തമാക്കിയത്.

” സുവാരസിന്റെ തീരുമാനങ്ങൾക്ക് മെസ്സിയുടെ ഭാവിയെ സ്വാധീനിക്കാൻ കഴിയും. എന്തെന്നാൽ അവർ രണ്ടുപേരും ഉറ്റസുഹൃത്തുക്കളാണ്.അവർ രണ്ട് പേരും സഹോദരൻമാരെ പോലെയാണ് ഇഷ്ടപ്പെടുന്നത്. എപ്പോഴും ഒന്നിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന, പിരിയാൻ ആഗ്രഹിക്കാത്ത രണ്ട് സുഹൃത്തുക്കൾ ആണ് അവർ ” ബാൽബി പറഞ്ഞു. 2014-ൽ ആയിരുന്നു ലൂയിസ് സുവാരസ് ലിവർപൂളിൽ നിന്നെത്തിയത്. പിന്നീട് എംഎസ്എൻ ത്രയത്തിന്റെ ജൈത്രയാത്രയായിരുന്നു. എന്നാൽ പിന്നീട് നെയ്മർ ക്ലബ് വിട്ടു. ഈ കാര്യവും മെസ്സിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന് പുറമെ ഇപ്പൊ സുവാരസിനെ കൂടെ ഒഴിവാക്കുന്നത് മെസ്സിക്ക് സംതൃപ്തി ഉണ്ടാക്കാത്ത കാര്യമാണ്. ഇരുവരും ബാഴ്സയോടൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, കോപ ഡെൽ റേ എന്നീ കിരീടനേട്ടങ്ങളിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *