ആഴ്‌സണൽ ട്രാൻസ്ഫർ റൂമറുകളോട് തന്റെ പ്രതികരണമറിയിച്ച് കൂട്ടീഞ്ഞോ !

ഈ കഴിഞ്ഞ കുറച്ചു ആഴ്ചകളായി ട്രാൻസ്ഫർ റൂമറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ആഴ്‌സണലിലേക്ക് കൂടുമാറുന്നു എന്നുള്ളത്. ഈ സീസണിൽ ബയേണുമായി കരാർ അവസാനിക്കുന്ന താരം തിരികെ ബാഴ്സയിൽ തന്നെ എത്തും. ബാഴ്സക്ക് താരത്തെ നിലനിർത്താൻ താല്പര്യമില്ലാത്തതിനാൽ കൂട്ടീഞ്ഞോ മറ്റൊരു ക്ലബ് തേടേണ്ടി വരും എന്നുള്ള സാഹചര്യത്തിൽ ആയിരുന്നു ആഴ്‌സണൽ താരത്തിന് വേണ്ടി ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഈ ട്രാൻസ്ഫർ റൂമറുകളെ കുറിച്ച് ചോദിച്ചപ്പോൾ താൻ അതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് താരം അറിയിച്ചത്. ലക്ഷ്യം ചാമ്പ്യൻസ് ലീഗ് മാത്രമാണെന്നും അതിന് ശേഷം മാത്രമേ താൻ ഭാവിയെ കുറിച്ച് ചിന്തിക്കുകയൊള്ളൂ എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം പുതിയ പരിശീലകൻ ഫിലിപ്പെ കൂട്ടീഞ്ഞോയോ നിലനിർത്തുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും താരത്തിന് വേണ്ടി ഏറ്റവും മുന്നിലുള്ളത് ആഴ്‌സണൽ തന്നെയാണ്. ഈയിടെ ചെൽസിയുടെ മറ്റൊരു ബ്രസീലിയൻ താരം വില്യനെ ഗണ്ണേഴ്സ് സൈൻ ചെയ്തിരുന്നു. കൂടാതെ പിഎസ്ജി വിടുന്ന തിയാഗോ സിൽവയെയും ആഴ്‌സണൽ നോട്ടമിട്ടിട്ടുണ്ട്. മറ്റൊരു ബ്രസീൽ താരമായ ഡേവിഡ് ലൂയിസിന്റെ കരാർ ആഴ്‌സണൽ പുതുക്കുകയും ചെയ്തിരുന്നു.

” എന്റെ മനസ്സ് മുഴുവനും ചാമ്പ്യൻസ് ലീഗിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അപൂർവമായ ഒരു അവസരമാണ് ഞങ്ങൾക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. എന്റെ ഭാവിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. കാരണം ഞാൻ ഫൈനലിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇതിനെ ഞങ്ങൾ സംസാരിച്ചിട്ടില്ല. കാരണം എനിക്ക് മുന്നിൽ ഒരു മത്സരമുണ്ട്. അതിൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. പിഎസ്ജി ശക്തമായ ഒരു ടീമാണ്. നെയ്മർ എന്ന മഹത്തായ താരത്തെ കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. അവരുടെ ഡിഫൻസും മികവുറ്റതാണ്. തീർച്ചയായും ഇത് മികച്ചൊരു ഫൈനലായി മാറും ” കൂട്ടീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *