ആ ഗോൾ ഫൗളായിരുന്നു,അത് സിറ്റിക്ക് തിരിച്ചടിയായി: റിയോ ഫെർഡിനാന്റ് !

അപ്രതീക്ഷിതമായിരുന്നു ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി. ക്ലബിന്റെ വിരോധികൾ പോലും ഇങ്ങനെയൊരു തോൽവി മുൻകൂട്ടി കണ്ടിട്ടില്ലെന്ന് പറയാം. 3-1 ന് സിറ്റിയെ തകർത്തു കൊണ്ട് ലിയോണാണ് ആധികാരികമായി സെമിയിൽ പ്രവേശിച്ചത്. എന്നാൽ സിറ്റിയുടെ തോൽവിക്ക് പ്രധാനകാരണമായത് റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് മുൻ ഇംഗ്ലീഷ് ഇതിഹാസം റിയോ ഫെർഡിനന്റിന് പറയാനുള്ളത്. ലിയോൺ നേടിയ രണ്ടാം ഗോൾ ഫൗളായിരുന്നുവെന്നും ആ ഗോളാണ് കളിയുടെ ഗതി തിരിച്ചു വിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഡെംബലെ നേടിയ ആ ഗോൾ താരം ലപോർട്ടയെ വീഴ്ത്തിയതിന് ശേഷമായിരുന്നു മുന്നേറിയത്. എന്നാൽ VAR ചെക്ക് ചെയ്തിട്ട് പോലും റഫറി അത് ഗോൾ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഫെർഡിനന്റ് പ്രതികരിച്ചത്.

” തീർച്ചയായും ഞാൻ പിച്ചിൽ ഉണ്ടായിരുന്നുവെങ്കിൽ അത് ഫൗൾ തന്നെയാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ആ ഗോളാണ് കളിയെ മാറ്റിമറിച്ചത്. ആ സമയം വരെ സിറ്റി ആധിപത്യം തുടരുകയായിരുന്നു. 100% ശാരീരികമായി തന്നെയാണ് അവിടെ നേരിട്ടത്. പക്ഷെ നിങ്ങൾ ഒരു സിറ്റി ആരാധകൻ ആണെങ്കിൽ നിങ്ങൾക്ക് തോൽവിക്കുള്ള ന്യായീകരണം കണ്ടെത്തുകയാണ് എന്നാണ് ആളുകൾ പറയുക. പക്ഷെ ഞാൻ വിശ്വസിക്കുന്നത് അത് ഫൗൾ തന്നെയാണ് എന്നതാണ് ” ഫെർഡിനന്റ് പറഞ്ഞു.നിലവിൽ ആ ഗോളിനെ കുറിച്ച് ഫുട്ബോൾ ലോകത്ത് ചെറിയ വിവാദങ്ങൾ പരക്കുന്നുണ്ട്.അതേസമയം തോൽവിക്ക് മറ്റൊരു കാരണം പെപ് ഗ്വാർഡിയോളയുടെ തീരുമാനങ്ങൾ കൂടിയായിരുന്നു എന്നും ഫെർഡിനന്റ് ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *