വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ അർജന്റീനക്ക് ഇനി എന്താണ് വേണ്ടത്?

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവരെ പരാഗ്വ പരാജയപ്പെടുത്തിയത്. അർജന്റീനയിൽ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ അത്ര സുഖകരമല്ല. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങേണ്ടി വന്നു.

എന്നിരുന്നാലും പോയിന്റ് പട്ടികയിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 11 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങളും ഒരു സമനിലയും മൂന്ന് തോൽവിയുമാണ് അർജന്റീനയുടെ റിസൾട്ട്.22 പോയിന്റാണ് നിലവിൽ അർജന്റീനക്കുള്ളത്. അടുത്ത വേൾഡ് കപ്പ് യോഗ്യത ഏറെക്കുറെ അർജന്റീന ഉറപ്പാക്കിയിട്ടുണ്ട്.പക്ഷേ പൂർണ്ണമായും ഉറപ്പിക്കണമെങ്കിൽ അർജന്റീനക്ക് ഇനിയും പോയിന്റുകൾ നേടേണ്ടതുണ്ട്.

ആദ്യ ആറ് സ്ഥാനക്കാർക്ക് നേരിട്ടും ഏഴാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ചുകൊണ്ടും വേൾഡ് കപ്പ് യോഗ്യത നേടാൻ സാധിക്കും. സമീപകാലത്തെ കണക്കുകൾ എടുത്തു പരിശോധിച്ചാൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തവരെല്ലാം 23നും 27നും ഇടക്കുള്ള പോയിന്റുകളാണ് നേടിയിട്ടുള്ളത്. അത്പ്രകാരം വേൾഡ് കപ്പ് യോഗ്യത നേടണമെങ്കിൽ ചുരുങ്ങിയത് 27 പോയിന്റെങ്കിലും അർജന്റീന നേടേണ്ടതുണ്ട്.

അതായത് 5 പോയിന്റ് ചുരുങ്ങിയത് അർജന്റീനക്ക് ആവശ്യമാണ്. രണ്ട് വിജയങ്ങൾ കൂടി നേടിക്കഴിഞ്ഞാൽ വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ സാധിക്കും. അതല്ല എന്നുണ്ടെങ്കിൽ ഒരു വിജയവും രണ്ട് സമനിലകളും നേടിയാൽ മതി. ഏതായാലും അർജന്റീന അടുത്ത വേൾഡ് കപ്പിൽ ഉണ്ടാവും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ അവരുടെ ഇപ്പോഴത്തെ മോശം പ്രകടനം ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.

ഇനി അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നവംബർ ഇരുപതാം തീയതി രാവിലെ 5:30നാണ് ഈയൊരു മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയവഴിയിലേക്ക് എത്താൻ കഴിയും എന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *