മെസ്സി-യമാൽ താരതമ്യം മനസ്സിലാകും, പക്ഷേ അത് ശരിയല്ല: ഫാബ്രിഗസ്
സൂപ്പർ താരം ലയണൽ മെസ്സിയുടെ അതേ വഴിയിലൂടെയാണ് യുവ പ്രതിഭയായ ലാമിൻ യമാലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.ലാ മാസിയയിലൂടെ വളർന്ന യമാൽ നിരവധി റെക്കോർഡുകൾ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.പലരും മെസ്സിയുടെ പിൻഗാമിയായി കൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. മെസ്സിക്ക് ലഭിച്ചതുപോലെയുള്ള ഒരു കരിയർ അദ്ദേഹത്തിന് ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.
മെസ്സിയെയും യമാലിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അത് സാധാരണമാണ് എന്നാണ് മുൻ സ്പാനിഷ് സൂപ്പർ താരമായിരുന്ന സെസ്ക്ക് ഫാബ്രിഗസ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ ഇത്തരം താരതമ്യങ്ങൾ തനിക്ക് ഇഷ്ടമല്ലെന്നും യമാൽ തന്റേതായ വഴിയിൽ സഞ്ചരിക്കേണ്ടതുണ്ട് എന്നും ഫാബ്രിഗസ് പറഞ്ഞിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ പരിശീലകൻ കൂടിയാണ് ഇപ്പോൾ ഫാബ്രിഗസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യമാലിനെ മെസ്സിയുമായി താരതമ്യം ചെയ്യുന്നത് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കും.പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നില്ല.കാരണം ഓരോ താരങ്ങളും വ്യത്യസ്തമാണ്. ഓരോരുത്തർക്കും അവരുടേതായ സ്റ്റോറികളാണ് ഉണ്ടാവേണ്ടത്. ഇപ്പോൾ യമാൽ അദ്ദേഹത്തിന്റെതായ ഒരു വഴി ഉണ്ടാക്കി അതിലൂടെ സഞ്ചരിക്കുകയാണ് വേണ്ടത്. പക്ഷേ എപ്പോഴും മെസ്സിയുമായി താരതമ്യം ഉണ്ടാവും. അത് നോർമൽ ആയ ഒരു കാര്യമാണ്. കാരണം ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ബാഴ്സ ആരാധകർ പോയിരുന്നത്.അതിനുശേഷം ആണ് അവർക്ക് ഇത്തരത്തിലുള്ള ഒരു താരത്തെ ഇപ്പോൾ ലഭിക്കുന്നത്. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ മെസ്സി എപ്പോഴും ടീമിനെ രക്ഷിച്ചിരുന്നു.യമാലിന് എല്ലാം ചെയ്യാനുള്ള കഴിവ് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഗംഭീര പ്രകടനമാണ് യമാൽ ഇതുവരെ നടത്തിയിട്ടുള്ളത്.11 മത്സരങ്ങളിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങൾ ബാഴ്സക്ക് വേണ്ടി മാത്രം അദ്ദേഹം വഹിച്ചിട്ടുണ്ട്. 5 ഗോളുകളും 5 അസിസ്റ്റുകളും ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് സംശയമാണ്.