മെസ്സി നടത്തുന്നത് കഠിന പരിശ്രമങ്ങൾ: സഹതാരം പറയുന്നു!
കഴിഞ്ഞ കുറേ മത്സരങ്ങൾ ലയണൽ മെസ്സിയുടെ അഭാവത്തിലാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി കളിച്ചുകൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്ക കാരണം മെസ്സിക്ക് ഇന്റർ മയാമിയുടെ ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു. കൂടാതെ കോപ്പ ഫൈനലിൽ മെസ്സിക്ക് പരിക്കേൽക്കുകയും ചെയ്തു.അതോടെ കൂടുതൽ മത്സരങ്ങൾ നഷ്ടമായി.ഇതുവരെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. ഇനിയും കുറച്ച് മത്സരങ്ങൾ കൂടി അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ വേണ്ടി മെസ്സി പരമാവധി ശ്രമിക്കുന്നുണ്ട്.മാത്രമല്ല തന്റെ സഹതാരങ്ങളെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ടി അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞിരിക്കുന്നത് ഇന്റർമയാമി താരമായ റോബർട്ട് ടൈലറാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ട്രെയിനിങ്ങിൽ വച്ചും ഡ്രസ്സിംഗ് റൂമിൽ വച്ചും ഞങ്ങൾ എല്ലാ ദിവസവും ലയണൽ മെസ്സിയെ കാണുന്നുണ്ട്.കളിക്കളത്തിലേക്ക് തിരിച്ചെത്താൻ വേണ്ടി അദ്ദേഹം വലിയ പരിശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഈ ടീമിന് വേണ്ടി പോരാടാൻ വളരെ ആവേശത്തോട് കൂടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്. മെസ്സി തിരികെ വരുന്നതുവരെ ഷീൽഡിന് വേണ്ടിയുള്ള ഒന്നാം സ്ഥാനത്ത് തുടരാൻ അദ്ദേഹം ഞങ്ങളെ പ്രചോദിക്കുകയും ചെയ്യുന്നു ” ഇതാണ് ഇന്റർമയാമി താരം പറഞ്ഞിട്ടുള്ളത്.
നിലവിൽ സപ്പോർട്ടേഴ്സ് ഷീൽഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമി തന്നെയാണ്.26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് അവർക്കുള്ളത്.ബാക്കിയുള്ള 28 ക്ലബ്ബുകളും അവരുടെ പുറകിലാണ് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കുറച്ച് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ആ മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ ഈ ഷീൽഡ് കിരീടം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിക്കും.പിന്നീട് കപ്പിന് വേണ്ടിയുള്ള പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക. അതിന് മുന്നേ തന്നെ മെസ്സി തിരിച്ചെത്തും എന്നുള്ള കാര്യം ഇന്റർമയാമി പരിശീലകൻ പറഞ്ഞിരുന്നു.