മെസ്സി ഉണ്ടായിരുന്നുവെങ്കിൽ മയാമിക്ക് ഈ ഗതി വരില്ല: ബുസ്ക്കെറ്റ്സ്
ഇന്ന് ലീഗ്സ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു കൊളംബസ് ക്രൂ അവരെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്റർമയാമി ലീഗ്സ് കപ്പിൽ നിന്നും പുറത്തായിരുന്നു.സൂപ്പർ താരം ലയണൽ മെസ്സി പരിക്കു കാരണം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
നിലവിലെ ലീഗ്സ് കപ്പിലെ ചാമ്പ്യന്മാർ ഇന്റർമയാമിയാണ്. എന്നാൽ ഇത്തവണ ക്വാർട്ടറിൽ പോലും എത്താനാവാതെ അവർക്ക് മടങ്ങേണ്ടി വരുകയായിരുന്നു. കഴിഞ്ഞവർഷം ലയണൽ മെസ്സിയുടെ മികവിലാണ് ഈ കിരീടം അവർ നേടിയിരുന്നത്.മെസ്സി ഇന്നത്തെ മത്സരത്തിൽ ഇല്ലാത്ത തിരിച്ചടിയായി എന്നുള്ള കാര്യം അവരുടെ മറ്റൊരു സൂപ്പർതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.ഈ മത്സരത്തിൽ മെസ്സി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.പക്ഷേ ഫുട്ബോൾ ഇങ്ങനെയാണ്.പരിക്കുകളും തിരിച്ചടികളും നമുക്കുണ്ടാകും.മെസ്സി ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു.ഞങ്ങൾക്ക് കൂടുതൽ ചാൻസുകൾ ഉണ്ടാകുമായിരുന്നു. ഞങ്ങൾ അവസാനം വരെ പോരാടിയിട്ടാണ് പുറത്തായത് ” ഇതാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.
ഇനി എംഎൽഎസ് കിരീടം നേടുക എന്നുള്ളതായിരിക്കും ഇന്റർമയാമിയുടെ ലക്ഷ്യം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇന്റർമയാമി തന്നെയാണ്. 25 മത്സരങ്ങളിൽ നിന്ന് 53 പോയിന്റ് ആണ് ഇന്റർമയാമിക്കുള്ളത്. ബാക്കിയുള്ള 28 ക്ലബ്ബുകളും ഇപ്പോൾ ഇന്റർമയാമിക്ക് പുറകിലാണ് വരുന്നത്.