മെസ്സി മാത്രമാണ് അന്ന് എന്നെ സഹായിച്ചത് :തുറന്ന് പറഞ്ഞ് ഹിഗ്വയ്ൻ!
അർജന്റീന ദേശീയ ടീമിന് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ.തുടർച്ചയായി മൂന്ന് ഫൈനലുകളിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ അതിനൊക്കെ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിരുന്നത് ഈ സൂപ്പർ താരം തന്നെയായിരുന്നു. 2014 വേൾഡ് കപ്പ് ഫൈനലിൽ ജർമ്മനിയോട് അർജന്റീന പരാജയപ്പെടുകയായിരുന്നു. അന്ന് ലഭിച്ച ചില ഗോളവസരങ്ങൾ ഹിഗ്വയ്ൻ പാഴാക്കിയിരുന്നു.അതിന്റെ പേരിൽ വലിയ രൂപത്തിലുള്ള വേട്ടയാടലുകൾ താരത്തിന് ഏൽക്കേണ്ടി വന്നിരുന്നു.
ഇതേക്കുറിച്ച് ഹിഗ്വയ്ൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ലയണൽ മെസ്സി മാത്രമാണ് അന്ന് തന്നെ സഹായിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുശേഷം അർജന്റീന ദേശീയ ടീമിലേക്ക് തന്നെ തിരിച്ചു കൊണ്ടുവന്നത് മെസ്സിയാണെന്നും ഹിഗ്വയ്ൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” 2014 വേൾഡ് കപ്പ് ഫൈനലിൽ ഞങ്ങൾ പരാജയപ്പെട്ടപ്പോൾ ഡ്രസ്സിംഗ് റൂമിൽ പലർക്കും എന്നോട് സംസാരിക്കാൻ വിമുഖതയായിരുന്നു.കാരണം ഞാൻ അവസരങ്ങൾ പാഴാക്കിയിരുന്നു. പലരും എന്നെ ദേഷ്യത്തോട് കൂടി നോക്കി.എനിക്ക് ഒരുപാട് കുറ്റബോധം തോന്നി.പക്ഷേ മെസ്സി എന്നെ അത്ഭുതപ്പെടുത്തി. എന്നെ ഹഗ് ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ഇത് ഫുട്ബോളാണ്.ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കും.നമ്മൾ ഫൈനലിൽ എത്തിയല്ലോ. അതുതന്നെ ധാരാളം എന്ന്.ഇനി അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ തുടരുന്നില്ല എന്ന് പരിശീലകനെ അറിയിച്ചിരുന്നു. പക്ഷേ ലയണൽ മെസ്സി പരിശീലകനെ സമീപിക്കുകയായിരുന്നു.എന്നെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മെസ്സിയുടെ നിർദ്ദേശപ്രകാരമാണ് പരിശീലകൻ എന്നെ വിളിച്ചത്.മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഇക്കാലമത്രയും ഞാൻ കുറ്റബോധവും പേറി ജീവിക്കുമായിരുന്നു.മെസ്സി ഇപ്പോൾ വേൾഡ് കപ്പ് സ്വന്തമാക്കിയതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ” ഇതാണ് ഹിഗ്വയ്ൻ പറഞ്ഞിട്ടുള്ളത്.
2016 കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെട്ടതോടെ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.എന്നാൽ പിന്നീട് മെസ്സി തിരിച്ചെത്തുകയായിരുന്നു. ഇന്ന് അർജന്റീന ദേശീയ ടീമിനോടൊപ്പം സാധ്യമായതെല്ലാം മെസ്സി സ്വന്തമാക്കി കഴിഞ്ഞു.ഖത്തർ വേൾഡ് കപ്പ് കിരീടം തന്നെയാണ് മെസ്സിയുടെ അർജന്റീന ജേഴ്സിയിലെ ഏറ്റവും വലിയ നേട്ടം.