അസൂയാലുക്കളായ കമ്മ്യൂണിസ്റ്റുകാർ : മെസ്സിക്ക് പിന്തുണയുമായി അർജന്റൈൻ പ്രസിഡന്റ്!
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്തയായിരുന്നു ഇന്നലെ പുറത്തേക്കു വന്നത്. സ്പെയിനിലെ ഇബിസയിൽ ലയണൽ മെസ്സിക്ക് ഒരു ആഡംബര വീടുണ്ട്. 11 മില്യൺ യൂറോ ചിലവഴിച്ചു കൊണ്ടായിരുന്നു മെസ്സി ഇത് നിർമ്മിച്ചിരുന്നത്.എന്നാൽ ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞ ദിവസം ഇത് ആക്രമിച്ചിരുന്നു.കറുപ്പും ചുവപ്പും പെയിന്റടിച്ച് വികൃതമാക്കുകയാണ് ഇവർ ചെയ്തിരുന്നത്. മെസ്സിയുടെ ഈ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്.
ഈ വിഷയത്തിൽ ലയണൽ മെസ്സിക്ക് പിന്തുണയുമായി അർജന്റൈൻ പ്രസിഡന്റ് ഹവിയർ മിലെയ് രംഗത്ത് വന്നിട്ടുണ്ട്.കമ്മ്യൂണിസ്റ്റുകാരാണ് മെസ്സിയുടെ വീട് ആക്രമിച്ചത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. അർജന്റൈൻ പൗരന്മാർക്ക് സ്പെയിനിൽ മതിയായ സുരക്ഷ ഒരുക്കണമെന്നും സ്പാനിഷ് ഗവൺമെന്റിനോട് അർജന്റീന പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സ്പെയിനിലെ കമ്മ്യൂണിസ്റ്റുകാർക്ക് മെസ്സിയുടെ വീട് ആക്രമിച്ചിട്ട് വേണം സമ്പന്നരെ കൊല്ലാനും പോലീസിനെ ഇല്ലാതാക്കാനും കാലാവസ്ഥ വ്യതിയാനം അവസാനിപ്പിക്കാനും. മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.സ്പെയിനിൽ ജീവിക്കുന്ന അർജന്റീന പൗരന്മാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ഞാൻ അവിടുത്തെ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റുകാർ വെറും അസൂയാലുക്കളും വിദ്വേഷം പ്രചരിപ്പിക്കുന്നവരും വികസനത്തിന് തടസ്സം നിൽക്കുന്നവരുമാണ്.സിവിലൈസ്ഡ് കമ്മ്യൂണിസത്തിന് യാതൊരുവിധ സ്ഥാനവുമില്ല. ഫ്രീഡം വിജയിക്കട്ടെ ” ഇതാണ് അർജന്റീന പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഏതായാലും ലയണൽ മെസ്സിയുടെ വീടിന് നേരെയുള്ള ആക്രമണം വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്. സ്പെയിനിലെ പരിസ്ഥിതി പ്രവർത്തകരുടെ ഗ്രൂപ്പ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോളിഡേകൾ ചിലവഴിക്കാൻ വേണ്ടിയാണ് പ്രധാനമായും മെസ്സി ഈ ആഡംബര വീട് ഇബിസയിൽ നിർമ്മിച്ചിട്ടുള്ളത്. വീടിന് നേരെ പ്രതിഷേധം ഉണ്ടായ സമയത്ത് ആരും തന്നെ അവിടെ ഇല്ലായിരുന്നു.മെസ്സിയും കുടുംബവും അമേരിക്കയിലാണ് താമസിക്കുന്നത്.