കിരീടം നേടിയതിന് ശേഷം സ്‌കലോണി അണിഞ്ഞത് സ്പെഷ്യൽ ജേഴ്സി, വിശദീകരിച്ച് പരിശീലകൻ
കോപ്പ അമേരിക്ക ഫൈനലിൽ കരുത്തരായ കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയവും അതുവഴി കിരീടവും സ്വന്തമാക്കിയത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി തന്റെ ടീമിനോടൊപ്പം സ്വന്തമാക്കുന്ന നാലാമത്തെ കിരീടമാണിത്. നേരത്തെ തന്നെ ഒരു കോപ്പ അമേരിക്കയും വേൾഡ് കപ്പും ഫൈനലിസിമയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇന്നലെ കോപ്പ വിജയിച്ചതിനുശേഷം ഒരു സ്പെഷ്യൽ ജേഴ്സിയാണ് സ്‌കലോണി ധരിച്ചത്. അതായത് 2006 വേൾഡ് കപ്പിൽ അർജന്റീന ടീമിന്റെ ഭാഗമാവാൻ സ്‌കലോണിക്ക് കഴിഞ്ഞിരുന്നു. അന്ന് ധരിച്ചിരുന്ന അതേ ജേഴ്സിയാണ് സ്‌കലോണി കോപ നേടിയതിനു ശേഷം ധരിച്ചത്.ഈ ജേഴ്‌സി എവിടെ നിന്ന് ലഭിച്ചു എന്നതിനുള്ള ഒരു വിശദീകരണം സ്‌കലോണി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” 1997ൽ മലേഷ്യയിൽ ഞാൻ അണിഞ്ഞ ജേഴ്‌സി സമ്മാനിച്ച അതേ വ്യക്തി തന്നെയാണ് ഈ ജേഴ്സിയും എനിക്കിപ്പോൾ കൊണ്ട് തന്നിട്ടുള്ളത്. ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞിട്ടുണ്ട് ” ഇതാണ് പത്രസമ്മേളനത്തിൽ അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. അതായത് 2022 ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം സ്‌കലോണി ധരിച്ചത് 1997ൽ മലേഷ്യയിൽ വെച്ചുകൊണ്ട് നടന്ന അണ്ടർ 20 വേൾഡ് കപ്പിൽ താൻ അർജന്റീനക്ക് വേണ്ടി ധരിച്ച ജേഴ്സി ആയിരുന്നു. തോമസ് കാൽവോ എന്ന ജേഴ്‌സി കളക്ടറും പെസല്ലയുടെ സുഹൃത്തുമായ വ്യക്തിയാണ് അന്ന് ആ ജേഴ്സി സ്‌കലോണിക്ക് എത്തിച്ച് നൽകിയിരുന്നത്.
അദ്ദേഹം തന്നെയാണ് ഇന്നലെയും 2006 വേൾഡ് കപ്പിലെ ജേഴ്‌സി സ്‌കലോണിക്ക് എത്തിച്ച് നൽകിയത്.അർജന്റൈൻ താരങ്ങളുടെ ഒരു ജേഴ്സി കളക്ഷൻ തന്നെ ഇദ്ദേഹത്തിന് ഉണ്ട്. ഏതായാലും അർജന്റൈൻ മാധ്യമങ്ങൾ ഇതിന് വലിയ വാർത്ത പ്രാധാന്യം നൽകിയിട്ടുണ്ട്.