യമാൽ മെസ്സിയെ കണ്ട് പഠിക്കണം:കാർവ്വഹൽ
തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുവേഫ യൂറോ കപ്പിൽ ലാമിൻ യമാൽ സ്പെയിനിന് വേണ്ടി പുറത്തെടുക്കുന്നത്. കഴിഞ്ഞ ഫ്രാൻസിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ ഒരു കിടിലൻ ഗോൾ താരത്തിന്റെ ബൂട്ടിൽ നിന്നും പിറന്നിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഈ യൂറോ കപ്പിൽ താരം നേടിക്കഴിഞ്ഞു. ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ 16 കാരൻ ഇതുവരെ നടത്തിയിട്ടുള്ളത്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ കണ്ടെത്തലാണ് ലാമിൻ യമാൽ. അവരുടെ അക്കാദമിയിലൂടെയാണ് താരം വളർന്നിട്ടുള്ളത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള നിരവധി ഇതിഹാസങ്ങൾ വളർന്നുവന്ന ലാ മാസിയ തന്നെയാണ് യമാലിന്റെയും ഉത്ഭവ കേന്ദ്രം.യമാൽ മെസ്സിയെ മാതൃകയാക്കി അദ്ദേഹത്തിൽ നിന്നും പഠിക്കണമെന്നാണ് സഹതാരമായ ഡാനി കാർവ്വഹൽ പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലാമിനെ യമാലിന് മാതൃകയാക്കാൻ പറ്റിയ ഉദാഹരണം, അത് ബാഴ്സലോണയിൽ തന്നെയുണ്ട്. ലയണൽ മെസ്സിയാണ് ആ താരം. നിർബന്ധമായും യമാൽ മെസ്സിയെ കണ്ടാണ് പഠിക്കേണ്ടത് ” ഇതാണ് റയൽ മാഡ്രിഡ് സൂപ്പർതാരമായ കാർവ്വഹൽ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ പാത പിൻപറ്റണമെന്നാണ് യമാലിന് കാർവ്വഹൽ നൽകിയിട്ടുള്ള ഉപദേശം.ദീർഘകാലം ബാഴ്സലോണക്ക് വേണ്ടി കളിക്കുക എന്ന് തന്നെയാണ് യമാലിന്റെ ലക്ഷ്യം. കരിയറിൽ ഒരിക്കലും ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടി കളിക്കില്ലെന്നും യമാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.അധികം വൈകാതെ തന്നെ താരം ബാഴ്സയുമായി തന്റെ കോൺട്രാക്ട് പുതുക്കിയേക്കും.