ഇന്റർ മയാമിയാണ് അവസാന ക്ലബ്,ഫുട്ബോൾ വിടാൻ ഞാൻ തയ്യാറായിട്ടില്ല:മെസ്സി
സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് ഇന്റർമയാമിയിലേക്ക് എത്തിയത്. മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.പക്ഷേ സമ്മർദ്ദങ്ങൾ ഒന്നും ഇല്ലാതെ കളിക്കാൻ വേണ്ടിയാണ് മെസ്സി അമേരിക്കയിൽ എത്തിയിട്ടുള്ളത്.അമേരിക്കയിലും മികച്ച പ്രകടനം ലയണൽ മെസ്സി പുറത്തെടുക്കുന്നുണ്ട്. ഇപ്പോൾ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് താരമുള്ളത്.
പുതുതായി നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിയെക്കുറിച്ച് ലയണൽ മെസ്സി സംസാരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ അവസാനത്തെ ക്ലബ്ബ് ഇന്റർ മയാമിയാണ് എന്നുള്ള കാര്യം മെസ്സി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഫുട്ബോളിനോട് വിട പറയാൻ താനിപ്പോഴും റെഡിയായിട്ടില്ലെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഇന്റർമയാമിയായിരിക്കും എന്റെ അവസാനത്തെ ക്ലബ്ബ്. പക്ഷേ ഞാൻ ഇപ്പോഴും ഫുട്ബോൾ വിടാൻ തയ്യാറായിട്ടില്ല.എന്റെ ജീവിതകാലം മുഴുവനും ഞാൻ ചെയ്തത് ഇതുതന്നെയാണ്. ഈ ഗെയിമിനെ ഞാൻ വളരെയധികം സ്നേഹിക്കുന്നു.ഓരോ ദിവസവും ഞാൻ ആസ്വദിക്കുന്നു.മത്സരങ്ങളും ട്രെയിനിങ്ങുകളും ഞാൻ ആസ്വദിക്കുന്നു.ഇതെല്ലാം ഒരു ദിവസം അവസാനിക്കുമല്ലോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ പേടിയുണ്ട്.ആ സമയം അടുത്തെത്തി കഴിഞ്ഞു എന്നത് ഞാൻ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. തീർച്ചയായും കളി അവസാനിപ്പിക്കുന്ന സമയത്ത് ഞാൻ ഇതെല്ലാം മിസ്സ് ചെയ്യും “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അതായത് മെസ്സി ഇനി മറ്റേതെങ്കിലും ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ ഉടനെ ഒന്നും ലയണൽ മെസ്സി വിരമിക്കൽ ഉണ്ടാവില്ല. അടുത്ത വേൾഡ് കപ്പിൽ മെസ്സി പങ്കെടുക്കാൻ തന്നെയാണ് സാധ്യത. അതിനുശേഷമായിരിക്കും ഒരുപക്ഷേ മെസ്സി കരിയർ അവസാനിപ്പിക്കുക.