അടുത്ത സീസണിൽ സിറ്റിയിൽ കാണുമോ? പ്ലാനുകൾ വ്യക്തമാക്കി പെപ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിന് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ വെസ്റ്റ് ഹാം യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം സിറ്റിക്ക് ഒരു ജീവൻ മരണ പോരാട്ടമാണ്.

തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യം വെക്കുന്നത്. സിറ്റിയുടെ പരിശീലകനായ പെപ്പിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2025 ലാണ് അവസാനിക്കുക.ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല.ഒരു സീസൺ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത സീസണിൽ സിറ്റിയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാകും എന്നത് പെപ് തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഇവിടെ തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് ” ഇതാണ് തന്റെ ഭാവിയെക്കുറിച്ച് പെപ് പറഞ്ഞിട്ടുള്ളത്.

അതായത് അടുത്ത സീസണിൽ സിറ്റിയുടെ പരിശീലകസ്ഥാനത്ത് ഇദ്ദേഹം ഉണ്ടാകും.അതിനുശേഷം അദ്ദേഹം തുടരുമോ ഇല്ലയോ എന്നുള്ളത് വ്യക്തമല്ല. ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്.പെപ് ഇനിയും കുറച്ച് വർഷങ്ങൾ കൂടി ക്ലബ്ബിൽ തുടരുമെന്നാണ് അവരുടെ ആരാധകർ വിശ്വസിക്കുന്നത്.

2016 ലായിരുന്നു ഇദ്ദേഹം സിറ്റിയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് എല്ലാ കിരീടങ്ങളും നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി ഈ സീസണിൽ FA കപ്പ് ഫൈനൽ കൂടി അവർക്ക് അവശേഷിക്കുന്നുണ്ട്. നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് സിറ്റിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *