ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയുമായി മത്സരത്തിലാണോ? സുവാരസ്‌ പറയുന്നു!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി പുറത്തെടുക്കുന്നത്. അതിന്റെ കാരണം ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ്. രണ്ടുപേരും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.MLS ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയും സുവാരസും ഇപ്പോൾ ഒന്നാം സ്ഥാനം പങ്കിടുകയാണ്. രണ്ടുപേരും 10 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ സുവാരസിനോട് ഇതേക്കുറിച്ച് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയുമായി മനപ്പൂർവ്വം മത്സരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ അത്തരമൊരു മത്സരം തങ്ങൾക്കിടയിൽ ഇല്ല എന്നത് സുവാരസ്‌ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം സഹായിക്കുന്നവരാണ് തങ്ങളെന്നും സുവാരസ്‌ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്കിടയിൽ യാതൊരുവിധ മത്സരവുമില്ല. ഞങ്ങൾ ഒരുപാട് കാലം ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചവരാണ്.2015/16 സീസണിൽ ഞാനാണ് ഗോൾഡൻ ബൂട്ട് നേടിയത്. മെസ്സിയും നെയ്മറും സഹായിച്ചത് കൊണ്ടാണ് അന്ന് എനിക്ക് ഗോൾഡൻ ബൂട്ട് ലഭിച്ചത്. സഹതാരത്തെ സന്തോഷിപ്പിക്കുന്നതിലും ടീമിനെ വിജയിപ്പിക്കുന്നതിലുമാണ് ഞങ്ങൾ മത്സരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലേക്ക് തന്നെ നോക്കൂ,മെസ്സി അഞ്ച് അസിസ്റ്റുകളാണ് നേടിയത്. ഞാൻ ഇതിനു മുമ്പ് അങ്ങനെയൊന്നു കണ്ടിട്ടില്ല.മെസ്സി ഏത് തരത്തിലുള്ള സഹതാരമാണ് എന്നത് അതിൽ നിന്ന് തന്നെ നിങ്ങൾക്ക് വ്യക്തമാകും ” ഇതാണ് സുവാരസ്‌ പറഞ്ഞിട്ടുള്ളത്.

എംഎൽഎസിൽ കേവലം എട്ടുമത്സരങ്ങൾ കളിച്ച മെസ്സി 10 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതേസമയം സുവാരസ് 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 10 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ മോൻട്രിയലാണ് ഇന്റർമയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *