ഇനി ഇങ്ങനെയൊന്ന് കാണുമോ എന്നറിയില്ല:മെസ്സിയെ വാഴ്ത്തി പരിശീലകൻ

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയത്.രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ എതിരാളികളായ ന്യൂയോർക്ക് റെഡ് ബുൾസിനെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് തിളങ്ങിയത്.ഇന്റർമയാമി നേടിയ ആറ് ഗോളിലും മെസ്സി ഉണ്ടായിരുന്നു.

ഒരു ഗോളും അഞ്ച് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയത്.സുവാരസ് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. അതേസമയം മറ്റൊരു താരമായ മത്യാസ് റോഹാസ് രണ്ട് ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി മാജിക് ഒരിക്കൽ കൂടി ആരാധകർക്ക് കാണാൻ കഴിഞ്ഞത്. എതിർ പ്രതിരോധനിരയെ ലയണൽ മെസ്സി തീർത്തും നിഷ്പ്രഭമാക്കുകയായിരുന്നു. മത്സരശേഷം മെസ്സിയെ പ്രശംസിച്ചുകൊണ്ട് പരിശീലകനായ ടാറ്റ മാർട്ടിനോ രംഗത്ത് വന്നിട്ടുണ്ട്. ഇനി ഇങ്ങനെയൊന്ന് കാണാനാകുമോ എന്ന് തനിക്കറിയില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എപ്പോഴും വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ലയണൽ മെസ്സി. ഇന്നത്തെ മത്സരത്തിൽ 6 ഗോൾ കോൺട്രിബൂഷനാണ് മെസ്സി നടത്തിയിട്ടുള്ളത്. ഇനി ഇതുപോലെ ഒന്ന് നമുക്ക് കാണാനാകുമോ എന്നുള്ളത് അറിയില്ല. അത്രയും മാസ്മരികമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പരിക്കിൽ നിന്നും മുക്തനായി മടങ്ങിയെത്തിയ മെസ്സി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ലീഗിൽ ആകെ 8 മത്സരങ്ങൾ കളിച്ച മെസ്സി 19 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു കഴിഞ്ഞു.10 ഗോളുകളും 9 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ഇതിന് പുറമേ ചാമ്പ്യൻസ് കപ്പിൽ മെസ്സി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ എംഎൽഎസിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇന്റർമയാമി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *