പെപ്പുമായി പ്രശ്നത്തിലായിരുന്നു: തുറന്ന് പറഞ്ഞ് പോർച്ചുഗീസ് സൂപ്പർ താരം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ കൻസേലോയെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ബാഴ്സ സ്വന്തമാക്കിയത്. അതിന് മുൻപ് ബയേൺ മ്യൂണിക്കിന് വേണ്ടിയായിരുന്നു അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നത്.മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ അദ്ദേഹം ഒട്ടും താല്പര്യപ്പെട്ടിരുന്നില്ല.

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയുമായി കൻസേലോക്ക് പ്രശ്നങ്ങളുണ്ട് എന്നത് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. അക്കാര്യം ഇദ്ദേഹം തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് തനിക്കും പരിശീലകനും ഇടയിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് കൻസേലോ പറഞ്ഞിട്ടുള്ളത്. ബാഴ്സലോണയിൽ താൻ വളരെയധികം ഹാപ്പിയാണെന്നും ബാഴ്സയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും കൻസേലോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് പരസ്പരം യോജിപ്പില്ലാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും യോജിക്കാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. എനിക്ക് യോജിപ്പില്ലാത്തതോ പെപ് ഗാർഡിയോള സമ്മതിക്കാത്തതോ ആയ ഒരുപാട് കാര്യങ്ങളുണ്ട്.പക്ഷേ ഇക്കാര്യങ്ങളിൽ എനിക്ക് നീരസങ്ങൾ ഒന്നുമില്ല.ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.ഞാൻ ഇപ്പോൾ ഇവിടെ വളരെയധികം ഹാപ്പിയാണ്.ബാഴ്സയിലെ ഭാവിയെക്കുറിച്ച് അവർ എന്നോട് ഒന്നും പറഞ്ഞിട്ടില്ല.പക്ഷേ ഇവിടെ തന്നെ തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രണ്ടോ മൂന്നോ വർഷങ്ങൾ കൂടി ബാഴ്സയിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു “ഇതാണ് കൻസേലോ പറഞ്ഞിട്ടുള്ളത്.

താരത്തെ നിലനിർത്താൻ തന്നെയാണ് ബാഴ്സലോണക്ക് താൽപര്യം.പക്ഷേ സാമ്പത്തിക പ്രതിസന്ധി ബാഴ്സക്ക് വലിയ തിരിച്ചടിയാണ്. ഈ പോർച്ചുഗീസ് സൂപ്പർതാരത്തിനായി വലിയ തുക മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെട്ടാൽ ബാഴ്സലോണ താരത്തെ നിലനിർത്തിയേക്കില്ല. 24 മത്സരങ്ങളാണ് ഈ ലാലിഗയിൽ പ്രതിരോധനിര താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *