മെസ്സിയെ ബാഴ്സയുടെ പരിശീലകനാക്കണം: ഡാനി മർഫി
എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് താൻ പടിയിറങ്ങുകയാണ് എന്നുള്ള കാര്യം പരിശീലകനായ ചാവി ദിവസങ്ങൾക്കു മുൻപ് അറിയിച്ചിരുന്നു. ഈ സീസണിന് ശേഷം താൻ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് ഉണ്ടാവില്ല എന്നായിരുന്നു ചാവി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ബാഴ്സക്ക് ഒരു പുതിയ പരിശീലകന് ആവശ്യമാണ്. നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉയർന്നു കേൾക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ബാഴ്സ പരിശീലകനായിരുന്ന ഫ്രാങ്ക് റൈക്കാർഡിന്റെ പേര് പോലും ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.
ഇതിനിടെ ഒരല്പം വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ലിവർപൂൾ താരമായിരുന്ന ഡാനി മർഫി.അതായത് ലയണൽ മെസ്സിയെ ബാഴ്സലോണയുടെ പരിശീലകനാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. തൊട്ടതെല്ലാം പൊന്നാക്കുന്ന ലയണൽ മെസ്സിക്ക് പരിശീലകന്റെ റോളിലും തിളങ്ങാൻ കഴിയുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.ടോക്ക് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മർഫി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Barcelona with Messi Barcelona without Messi pic.twitter.com/rbXuovz3ex
— Wouva (@Wouva10) January 31, 2024
” ഞാൻ ബാഴ്സയുടെ പരിശീലക സ്ഥാനം ലയണൽ മെസ്സിക്കാണ് നൽകുക. കാരണം ലയണൽ മെസ്സി തൊടുന്നതെല്ലാം സ്വർണമായി മാറുന്നു. അതുകൊണ്ടുതന്നെ പരിശീലകന്റെ റോളിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിയും. അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ലയണൽ മെസ്സി ഭൂമിയിൽ പിറവിയെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ബാഴ്സ മാനേജ്മെന്റിന് മെസ്സിയെ നിരാകരിക്കാനാവില്ല “ഇതാണ് മർഫി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി നിലവിൽ ഇന്റർ മയാമിയുടെ താരമാണ്.അദ്ദേഹത്തിന് ഇനിയും കരിയർ അവശേഷിക്കുന്നുണ്ട്.ഭാവിയിൽ പരിശീലകന്റെ റോളിൽ കാണാനാകുമോ എന്ന ചോദ്യം മെസ്സിയോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു.പക്ഷേ പരിശീലകന്റെ റോൾ ഏറ്റെടുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് സ്പോർട്ടിംഗ് ഡയറക്ടറുടെ റോളിലോ അതല്ലെങ്കിൽ ടീം ബിൽഡിങ്ങിന്റെ മറ്റേതെങ്കിലും റോളിലോ എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മെസ്സി തന്നെ വ്യക്തമാക്കിയിരുന്നു.ഏതായാലും നിലവിൽ മെസ്സി ഇന്റർ മയാമിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.