ഈ വർഷത്തെ എല്ലാ മത്സരങ്ങളിലും ഗോൾഡൻ ബാഡ്ജ്, അപൂർവ്വ നേട്ടത്തിന് ഉടമയായി ഹൂലിയൻ ആൽവരസ്.

കേവലം 23 വയസ്സ് മാത്രമുള്ള അർജന്റൈൻ സൂപ്പർതാരം ഹൂലിയൻ ആൽവരസ് ഇതിനോടൊപ്പം തന്നെ ഫുട്ബോൾ സമ്പൂർണ്ണമാക്കി എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. കാരണം കളക്ടീവ് ലെവലിൽ എല്ലാം തന്നെ നേടാൻ ഹൂലിയൻ ആൽവരസിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഗത ലെവലിൽ മാത്രമാണ് അദ്ദേഹത്തിന് ഇനി നേട്ടങ്ങൾ അവശേഷിക്കുന്നത്. വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും ലീഗ് കിരീടങ്ങളുമെല്ലാം ആൽവരസ് സ്വന്തമാക്കിയിട്ടുണ്ട്.

2022ലായിരുന്നു അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് സ്വന്തമാക്കിയത്. 2023ൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കിരീടം ഹൂലിയൻ ആൽവരസ് സ്വന്തമാക്കി.ഇതോടെ കൂടി ഒരു അപൂർവ്വ നേട്ടത്തിലേക്ക് താരം എത്തിയിട്ടുണ്ട്. ഈ വർഷം മുഴുവനും അദ്ദേഹത്തിന് തന്റെ നെഞ്ചിൽ ഗോൾഡൻ ബാഡ്ജ് അണിഞ്ഞു കൊണ്ട് കളിക്കാൻ സാധിക്കുമെന്നതാണ്.

ലോക ചാമ്പ്യന്മാർക്ക് തങ്ങളുടെ ജഴ്സികളിൽ ഗോൾഡൻ ബാഡ്ജ് വെക്കാനുള്ള അനുമതി ഫിഫ നൽകിയിട്ടുണ്ട്. 2006 ജർമനിയിൽ വച്ച് നടന്ന വേൾഡ് കപ്പോടുകൂടിയാണ് ഗോൾഡൻ ബാഡ്ജ് പതിപ്പിക്കാനുള്ള അനുമതി ഫിഫ ദേശീയ ടീമുകൾക്ക് നൽകിയത്. നെഞ്ചിൽ അടുത്ത വേൾഡ് കപ്പ് വരെ ഗോൾഡൻ ബാഡ്ജോടുകൂടി കളിക്കാൻ നിലവിലെ ലോക ചാമ്പ്യന്മാർക്ക് സാധിക്കും. 2007ൽ മിലാനിൽ വച്ച് നടന്ന ക്ലബ്ബ് വേൾഡ് കപ്പോടുകൂടിയാണ് ക്ലബ്ബ് തലത്തിൽ ഫിഫ ഗോൾഡൻ ബാഡ്ജ് നടപ്പിലാക്കിയത്.

അതായത് അർജന്റീനക്കൊപ്പവും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും ഗോൾഡൻ ബാഡ്ജോടുകൂടി ഈ വർഷം കളിക്കാൻ ഹൂലിയന് സാധിക്കും. എന്നാൽ 2025ൽ ഇതിൽ മാറ്റം സംഭവിച്ചേക്കാം. കാരണം ക്ലബ്ബ് വേൾഡ് കപ്പ് ഈ വർഷം അവസാനത്തിൽ നടത്തപ്പെടാനുണ്ട്. സിറ്റി കിരീടം നിലനിർത്തുകയാണെങ്കിൽ ഗോൾഡൻ ബാഡ്ജ് നിലനിർത്താൻ ആൽവരസിന് സാധിക്കും. ഏതായാലും രാജ്യത്തിനൊപ്പവും ക്ലബ്ബിനൊപ്പം ലോക ചാമ്പ്യനാവുക എന്നത് ഫുട്ബോൾ ലോകത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *