വേൾഡ് കപ്പ് കിരീടനേട്ടത്തിന് ഒരു വർഷം,നദാലിന് മെസ്സിയുടെ സ്പെഷ്യൽ ഗിഫ്റ്റ്!

അർജന്റീനയുടെ ഖത്തർ വേൾഡ് കപ്പ് കിരീട നേട്ടത്തിന് ഇന്നലെ ഒരു വർഷം പൂർത്തിയായിരുന്നു. 2022 ഡിസംബർ പതിനെട്ടാം തീയതിയായിരുന്നു അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കിരീടം നേടിയിരുന്നത്. ആവേശകരമായ ഒരു മത്സരത്തിനൊടുവിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയിരുന്നത്. ലോകമെമ്പാടുമുള്ള അർജന്റൈൻ ആരാധകർ ഇതിന്റെ ഒന്നാം വാർഷികം ഇന്നലെ ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമെന്നോണം അർജന്റൈൻ നായകനായ ലയണൽ മെസ്സി ടെന്നീസ് ഇതിഹാസമായ റാഫേൽ നദാലിന് ഒരു സ്പെഷ്യൽ ഗിഫ്റ്റ് നൽകിയിട്ടുണ്ട്. റാഫേൽ നദാലിന്റെ അക്കാദമിയാണ് ഈ സ്പെഷ്യൽ ഗിഫ്റ്റിന്റെ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.അർജന്റൈൻ ദേശീയ ടീമിന്റെ ഒരു ജേഴ്സിയാണ് മെസ്സി സമ്മാനിച്ചിട്ടുള്ളത്. മാത്രമല്ല ഇതിനോടൊപ്പം ഒരു ഫുട്ബോളും ഒരു ബൂട്ടും മെസ്സി അദ്ദേഹത്തിന് ഗിഫ്റ്റ് ആയി കൊണ്ട് നൽകിയിട്ടുണ്ട്.

” ഒരുപാട് സ്നേഹത്തോടെയും ഇഷ്ടത്തോടെയും കൂടി പ്രിയപ്പെട്ട റാഫക്ക് ” ഇതാണ് ലയണൽ മെസ്സി അതിന്മേൽ എഴുതിയിട്ടുള്ളത്.ഇതിന്റെ ചിത്രങ്ങളാണ് നദാലിന്റെ അക്കാദമി ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.സ്പെയിനിലാണ് ഈ അക്കാദമി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞതവണത്തെ ലോറസ് അവാർഡിന് വേണ്ടി പോരാടിയവരാണ് മെസ്സിയും നാദാലും. ഒടുവിൽ നദാലിനെ തോൽപ്പിച്ച് മെസ്സി ആ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു.അതിൽ മെസ്സിയെ അഭിനന്ദിച്ചുകൊണ്ട് നദാൽ രംഗത്ത് വരികയും ചെയ്തിരുന്നു.

ഖത്തർ വേൾഡ് കപ്പ് കിരീടനേട്ടത്തിന്റെ ഒന്നാം വാർഷികം എല്ലാ അർജന്റൈൻ താരങ്ങളും ആഘോഷിച്ചിട്ടുണ്ട്. ലയണൽ മെസ്സിയും തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇനി അർജന്റീനയുടെ മുന്നിലുള്ള ലക്ഷ്യം അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് ആണ്. നിലവിലെ ജേതാക്കളായ അർജന്റീന അത് നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമായിരിക്കും അമേരിക്കയിൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *