നെയ്മറുടെ പരിക്ക്,ഏറ്റവും പുതിയ അപ്ഡേഷനുകൾ നൽകി ബ്രസീൽ ടീം ഡോക്ടർ!

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്ക് ബ്രസീലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടികളുടെ ഒരു സമയമായിരുന്നു. ആദ്യ മത്സരത്തിൽ വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങി. പിന്നീട് നടന്ന മത്സരത്തിൽ ഉറുഗ്വയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെട്ടു. ആ മത്സരത്തിൽ തന്നെയായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റത്.

നെയ്മർ ഇപ്പോൾ സർജറി പൂർത്തിയാക്കി വിശ്രമത്തിലാണ്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിന് മുന്നേയെങ്കിലും നെയ്മർ തയ്യാറാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.ഇപ്പോഴിതാ നെയ്മറുടെ പരിക്കിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേഷനുകൾ ബ്രസീലിന്റെ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നെയ്മറെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷം ലാസ്മർ പറഞ്ഞത് ഇങ്ങനെയാണ്.

” നെയ്മർ വളരെ നല്ല രീതിയിൽ തന്നെയാണ് പരിക്കിൽ നിന്നും റിക്കവർ ആകുന്നത്.കഴിഞ്ഞ ഞായറാഴ്ച ഞാൻ നെയ്മർക്കൊപ്പം ഉണ്ടായിരുന്നു.അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി.പ്രാരംഭ ഘട്ടത്തിലാണെങ്കിലും അദ്ദേഹം നല്ല രീതിയിൽ തന്നെ പരിക്കിൽ നിന്ന് മുക്തനായി വരുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെത് വളരെ സങ്കീർണമായ ഒരു പരിക്ക് തന്നെയാണ്. അതായത് ഈ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് ഒരു വലിയ കാലയളവ് തന്നെ ആവശ്യമാണ്.കാരണം ഈ പരിക്കിന്റെ സ്വഭാവം അങ്ങനെയാണ്.ഒരുപാട് കാലം പുറത്തിരിക്കേണ്ടി വരും എന്നത് നെയ്മർക്ക് തന്നെ അറിയാം. പക്ഷേ നല്ല രീതിയിൽ തന്നെ അദ്ദേഹം പ്രതികരിക്കുന്നുണ്ട്. പരിക്കിന്റെ പുരോഗതിയുടെ കാര്യത്തിൽ ഞങ്ങൾ സംതൃപ്തരാണ് ” ഇതാണ് ബ്രസീൽ ടീം ഡോക്ടർ പറഞ്ഞിട്ടുള്ളത്.

ഇന്റർനാഷണൽ ബ്രേക്കിൽ നെയ്മർ ജൂനിയർ ഇല്ലാതെയാണ് ബ്രസീൽ കളിക്കുന്നത്. ആദ്യം മത്സരത്തിൽ കൊളംബിയയും രണ്ടാമത്തെ മത്സരത്തിൽ അർജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികൾ. നെയ്മറുടെ അഭാവം തീർച്ചയായും ബ്രസീലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *