ഞാനായിരുന്നു അവർക്കിടയിലെ ഫയർ ഫൈറ്റർ:സലാ-മാനെ ബന്ധം തുറന്നു പറഞ്ഞ് ഫിർമിഞ്ഞോ.

2017 മുതൽ 2022 വരെ ലിവർപൂളിന്റെ മുന്നേറ്റ നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കൂട്ടുകെട്ടായിരുന്നു സലാ-മാനെ-ഫിർമിഞ്ഞോ കൂട്ടുകെട്ട്. മൂന്നുപേരും ചേർന്നുകൊണ്ട് ലിവർപൂളിന് സുവർണ്ണ കാലഘട്ടം തന്നെ സമ്മാനിച്ചിരുന്നു. 338 ഗോളുകളാണ് ഇക്കാലയളവിൽ അവർ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ്ബ് വേൾഡ് കപ്പ് കിരീടവും ഉൾപ്പെടെ ആകെ 6 കിരീടങ്ങൾ ഇക്കാലയളവിൽ ലിവർപൂൾ സ്വന്തമാക്കുകയും ചെയ്തു.

പക്ഷേ പലപ്പോഴും സലാക്കിടയിലും മാനെക്കിടയിലും പരസ്പരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.സലാ പാസ് നൽകാത്തതിന്റെ പേരിൽ മാനെ പരാതി പറയുന്നതൊക്കെ വലിയ രൂപത്തിൽ ഫുട്ബോൾ ലോകം ചർച്ച ചെയ്തിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ ഫിർമിഞ്ഞോ ഇതേ കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ടു താരങ്ങൾക്കും ഇടയിലുള്ള ഫയർ ഫൈറ്റർ താനായിരുന്നു എന്നാണ് ഫിർമിഞ്ഞോ പറഞ്ഞിരുന്നത്. അതായത് രണ്ടുപേർക്കും ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രൂക്ഷമാവാതെ പരിഹരിച്ച് നിർത്തിയിരുന്നത് താനായിരുന്നു എന്നാണ് ഫിർമിഞ്ഞോ അവകാശപ്പെട്ടിരുന്നത്. തന്റെ പുതിയ ഓട്ടോബയോഗ്രഫിയിലാണ് ഫിർമിഞ്ഞോ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

“ആ രണ്ടുപേരെയും എനിക്ക് നന്നായി അറിയാമായിരുന്നു.മറ്റുള്ളവരെക്കാൾ കൂടുതൽ എനിക്ക് അറിയാമായിരുന്നു.അവർക്കിടയിൽ മധ്യത്തിൽ ഞാനായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവർക്കിടയിൽ നടക്കുന്നതെല്ലാം ഞാൻ കണ്ടിരുന്നു. അത്തരം സന്ദർഭങ്ങളിൽ എല്ലാം ഫയർ ഫൈറ്ററായി കൊണ്ട് പ്രവർത്തിച്ചത് ഞാനാണ്. ഞാൻ എപ്പോഴും ടീമിന്റെ വിജയത്തിനായിരുന്നു മുൻഗണന നൽകിയിരുന്നത് ” ഇതാണ് ഫിർമിഞ്ഞോ പറഞ്ഞിട്ടുള്ളത്.

നിലവിൽ മൂന്ന് പേരും വ്യത്യസ്ത ക്ലബ്ബുകളിൽ ആണ് കളിച്ചുകൊണ്ടിരിക്കുന്നത്.മുഹമ്മദ് സല ലിവർപൂളിൽ തന്നെ തുടരുകയാണ്. അതേസമയം ബയേണിലേക്ക് പോയ മാനെ അവിടെയും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് അദ്ദേഹം സൗദി ക്ലബ്ബായ അൽ നസ്റിൽ എത്തുകയായിരുന്നു.ഫിർമിഞ്ഞോ നിലവിൽ മറ്റൊരു സൗദി ക്ലബ്ബായ അൽ അഹ്ലിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *