യൂറോപ്പ് വിട്ടതിനുശേഷം തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന കാര്യം വെളിപ്പെടുത്തി ലയണൽ മെസ്സി!

തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിട്ടുള്ളത്. പാരീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ഈ അവാർഡ് കൈമാറിയത്. എല്ലാ താരങ്ങളും സ്റ്റാൻഡിങ് ഓവിയേഷൻ നൽകി കൊണ്ടാണ് മെസ്സിയെ ആദരിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങളുള്ള താരമായി മാറാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ഈ പുരസ്കാരം നേടിയതിനു ശേഷം നിരവധി കാര്യങ്ങളെക്കുറിച്ച് മെസ്സി സംസാരിച്ചിട്ടുണ്ട്. അതിലൊന്ന് യൂറോപ്പ് വിട്ടതിനെ കുറിച്ചായിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി പിഎസ്ജി വിട്ടു കൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. എന്നാൽ അവിടുത്തെ സീസൺ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അത് തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നുള്ള കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇതേക്കുറിച്ച് എന്റെ സഹതാരങ്ങളുമായി സംസാരിച്ചിരുന്നു. ഇങ്ങനെ ഒരുപാട് കാലം കളിക്കാതിരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ഒരിക്കൽ പോലും ഇത്രയും സമയം വെക്കേഷൻ ഉണ്ടായിട്ടില്ല. യൂറോപ്പ് വിട്ടതിനുശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഒരുപക്ഷേ ഇതായിരിക്കും.ഒരുപാട് കാലം മത്സരങ്ങൾ ഒന്നുമില്ല എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഇന്റർ മയാമിയെ തിരഞ്ഞെടുത്തതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

കലണ്ടർ വർഷത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ ലീഗ് നടക്കുന്നത്.ഇന്റർ മയാമി പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്തത് കൊണ്ട് തന്നെ നേരത്തെ സീസൺ അവസാനിച്ചിരുന്നു.ഇനി ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യത്തിലോ ആയിരിക്കും അമേരിക്കയിൽ സീസൺ ആരംഭിക്കുക. അതിനിടയിൽ കുറച്ച് സൗഹൃദമത്സരങ്ങൾ ഉണ്ടെങ്കിലും ഒരു വലിയ കാലയളവ് തന്നെയാണ് മെസ്സിക്ക് വെക്കേഷൻ ആയിക്കൊണ്ട് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *