അന്നത്തെ ബാഴ്സ ടീമിനെ പോലെയാണ് ഇന്നത്തെ അർജന്റീന: ലിയോ മെസ്സി പറയുന്നു!

തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് അർജന്റീനയുടെ നാഷണൽ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്കയും വേൾഡ് കപ്പും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ അവർ സമീപകാലത്ത് നേടിക്കഴിഞ്ഞു. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയാണ്. വേൾഡ് കപ്പിന് ശേഷമുള്ള എല്ലാ മത്സരങ്ങളും അർജന്റീന വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 52 മത്സരങ്ങൾക്കിടയിൽ കേവലം ഒരു തോൽവി മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി കൊണ്ട് പലരും വിലയിരുത്തുന്നത് 2008 മുതൽ 2012 വരെ പെപ് ഗാർഡിയോളക്ക് കീഴിൽ കളിച്ചിരുന്ന എഫ്സി ബാഴ്സലോണ ടീമിനെയായിരുന്നു. അന്ന് നിരവധി കിരീടങ്ങളായിരുന്നു ബാഴ്സ സ്വന്തമാക്കിയിരുന്നത്.അതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ലിയോ മെസ്സി തന്നെ ഇപ്പോൾ നടത്തിയിട്ടുണ്ട്. അന്നത്തെ ബാഴ്സയുടെ അരികിലേക്ക് എത്താൻ ഇപ്പോഴത്തെ അർജന്റീന ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അതായത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി കൊണ്ടാണ് മെസ്സി ഈ അർജന്റീന ടീമിനെ പരിഗണിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായ ബാഴ്സലോണയുടെ തൊട്ടരികിലാണ് ഇപ്പോൾ ഈ അർജന്റീന ടീമുള്ളത്.ഈ ടീം വളരെ മികച്ച ഒരു ടീമാണ് എന്നുള്ളത് ഒരുപാട് കാലമായി ഞങ്ങൾ തെളിയിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ മികച്ച രീതിയിൽ മാത്രമാണ് മുന്നോട്ടുപോകുന്നത്.ഒരുമിച്ച് കളിക്കുന്നതും സമയം ചിലവഴിക്കുന്നതും ഞങ്ങൾ ആസ്വദിക്കുന്നു. ഒരുപാട് യുവതാരങ്ങൾ ഞങ്ങളോടൊപ്പം ഉണ്ട്. അവരെല്ലാം പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്, പക്ഷേ അതൊന്നും അവരെ അലസരാക്കുന്നില്ല. വ്യക്തിഗത ലെവലിലും ഗ്രൂപ്പ് ലെവലിലും ഇനിയും നേട്ടങ്ങൾ കരസ്ഥമാക്കാൻ തന്നെയാണ് അർജന്റീനയിലെ എല്ലാ താരങ്ങളും ഇപ്പോൾ ആഗ്രഹിക്കുന്നത് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ഇപ്പോൾ അർജന്റീന വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന നവംബർ മാസത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ എതിരാളികളെയാണ് അർജന്റീനക്ക് നേരിടേണ്ടത്. ആദ്യ മത്സരത്തിൽ ഉറുഗ്വയും രണ്ടാമത്തെ മത്സരത്തിൽ ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *