ലീഗ്സ് കപ്പ് മെസ്സിക്ക് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയതെന്ന വിമർശനം, പ്രതികരിച്ച് ബെക്കാം!

ലീഗ്സ് കപ്പിലാണ് ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തകർപ്പൻ പ്രകടനമാണ് മെസ്സി ടൂർണമെന്റിൽ നടത്തിയത്.ഫൈനൽ ഉൾപ്പെടെ 7 മത്സരങ്ങൾ കളിച്ച മെസ്സി 10 ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയത്.ഇന്റർ മയാമിക്ക് ആദ്യ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ടൂർണമെന്റിലെ മികച്ച താരവും ടോപ്പ് സ്കോററും ലയണൽ മെസ്സി തന്നെയായിരുന്നു.

എന്നാൽ ഈ കപ്പിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ലയണൽ മെസ്സിക്ക് വേണ്ടി മുൻകൂട്ടി തിരക്കഥയെഴുതി തയ്യാറാക്കിയ രൂപത്തിലാണ് ഈ ടൂർണ്ണമെന്റ് നടന്നത് എന്നാണ് വിമർശകർ ആരോപിച്ചിരുന്നത്. ലയണൽ മെസ്സിക്ക് അനുകൂലമായി കൊണ്ടാണ് കാര്യങ്ങൾ ഉണ്ടായിരുന്നതെന്ന് പലരും ആരോപിച്ചു. ഈ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇന്റർ മയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാം ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇതൊരു സിനിമയെപ്പോലെയാണെന്ന് ആളുകൾ പറഞ്ഞു കൊണ്ടേയിരിക്കും. മെസ്സി ഗോൾ നേടുമ്പോഴും ബുസ്ക്കെറ്റ്സ് പാസ് നൽകുമ്പോഴും ആൽബ ഓടുമ്പോഴും എല്ലാം ആളുകൾ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുമോ? ഇതൊരു സിനിമയെപ്പോലെ തിരക്കഥയെഴുതി തയ്യാറാക്കിയതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കോംപ്ലിമെന്റ് ആയി എടുത്താൽ മതി.കാരണം അതിനർത്ഥം ഇവരെല്ലാം മനോഹരമായി കളിക്കുന്നു എന്നുള്ളതാണ്. അവരുമായി ബന്ധപ്പെട്ടതെല്ലാം വളരെയധികം മനോഹരമാണ് ” ഇതാണ് ഡേവിഡ് ബെക്കാം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്ക് ഇന്റർ മയാമിക്കൊപ്പം രണ്ടാമത്തെ കിരീടം നേടാനുള്ള അവസരവും ഇപ്പോൾ ലഭിച്ചിട്ടുണ്ട്.US ഓപ്പൺ കപ്പിന്റെ സെമി ഫൈനലിൽ സിൻസിനാറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്റർ മയാമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 28 ആം തീയതിയാണ് ഈ ഫൈനൽ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *