മെസ്സിയെ എങ്ങനെ തടയും? ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്ന് സിൻസിനാറ്റി കോച്ച്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ചിറകിലേറിക്കൊണ്ട് ഇന്റർ മയാമി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചിട്ടുണ്ട്.ഈ 7 മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുമുണ്ട്.ആകെ പത്തു ഗോളുകളും ഒരു അസിസ്റ്റുമാണ് ഇതുവരെ ക്ലബ്ബിനകത്തു മെസ്സിയുടെ സമ്പാദ്യം.

ഇനി അടുത്ത മത്സരത്തിൽ സിൻസിനാറ്റിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഈ മത്സരത്തിനു മുന്നേ ലയണൽ മെസ്സിയെ കുറിച്ച് സിൻസിനാറ്റിയുടെ പരിശീലകനായ പാറ്റ് നൂനാനിനോട് ചോദിക്കപ്പെട്ടിരുന്നു. ലയണൽ മെസ്സിയെ എങ്ങനെ തടയും എന്നായിരുന്നു ചോദ്യം. എന്നാൽ ആ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല, അത് വിഡ്ഢിത്തമാണ് എന്നാണ് സിൻസിനാറ്റി കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം ബുദ്ധിമുട്ടേറിയ ഒരു പരീക്ഷണം തന്നെയായിരിക്കും. ഒന്നോ രണ്ടോ താരങ്ങളെ തടയുക എന്ന അഭിപ്രായം പലയിടത്തു നിന്നും കേൾക്കാം.എന്നാൽ അത് സാധ്യമല്ല. കാരണം മറ്റുള്ളവർ അപ്പോൾ അപകടകാരികളാവും. ആ ടീമിനെ ഒന്നടങ്കം ആണ് ഞങ്ങൾ തടയേണ്ടത്. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ കഴിഞ്ഞ 20 വർഷത്തോളമായി അദ്ദേഹം ഹൈലവലിൽ കളിക്കുന്ന താരമാണ്. അദ്ദേഹത്തെ തടയാൻ ഭൂരിഭാഗം പേർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അദ്ദേഹത്തെ എങ്ങനെ തടയും എന്നുള്ള ചോദ്യത്തിന് അതുകൊണ്ടുതന്നെ ഇവിടെ പ്രസക്തിയില്ല.അത് വിഡ്ഢിത്തമാണ്. മെസ്സി ഇപ്പോഴും ഉയർന്ന ലെവലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത് “ഇതാണ് സിൻസിനാറ്റി കോച്ച് പറഞ്ഞിട്ടുള്ളത്.

യുഎസ് ഓപ്പൺ കപ്പിൽ സെമിഫൈനൽ പോരാട്ടത്തിലാണ് ഇന്റർമയാമിയും സിൻസിനാറ്റിയും തമ്മിൽ ഏറ്റുമുട്ടുക.ഇതിൽ വിജയിക്കുന്നവർക്ക് ഫൈനൽ പ്രവേശനം സാധ്യമാകും.ലയണൽ മെസ്സി തന്നെയായിരിക്കും എതിരാളികൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *