സ്ക്വോഡിൽ ആളെ തികയ്ക്കാൻ പാടുപെട്ട് ബാഴ്സ!
ലാ ലിഗയിലെ അവസാന റൗണ്ട് മത്സരത്തിൽ ഇന്ന് FC ബാഴ്സലോണ ഡിപോർട്ടീവോ അലാവസിനെ നേരിടുകയാണ്. ഈ മത്സരത്തിന് വേണ്ടി ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയെൻ പ്രഖ്യാപിച്ച സ്ക്വോഡിൽ 16 പേർ മാത്രമാണുള്ളത്. ബാഴ്സയുടെ സ്ക്വോഡ് ഡെപ്തില്ലായ്മ വിളിച്ചോതുന്ന കാര്യമായിട്ടാണ് ഫുട്ബോൾ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. പരിക്കുമൂലം അൻ്റോയ്ൻ ഗ്രീസ്മാനടക്കമുള്ളവർ പുറത്തിരുന്നപ്പോൾ പീക്കേക്കും റാക്കിട്ടിച്ചിനും സസ്പെൻഷനാണ് വിലങ്ങ് തടിയായത്. സെറ്റിയെൻ പ്രഖ്യാപിച്ച 16 അംഗ സ്ക്വോഡിൽ 3 പേർ ഗോൾകീപ്പർമാരാണ് എന്നതിനാൽ അനുവദിനീയമായ 5 സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും ഇന്ന് ബാഴ്സ.
The final squad list of the 2019-20 @LaLigaEN season | #AlavésBarça pic.twitter.com/jurFjKIhjp
— FC Barcelona (@FCBarcelona) July 18, 2020
ഈ സീസണിലുടനീളം ബാഴ്സ നേരിട്ട പ്രശ്നമാണ് ഈ സ്ക്വാഡ് ഡെപ്തില്ലായ്മ. പലപ്പോഴും ബാഴ്സ Bയിലെ യുവതാരങ്ങളാണ് ആ പ്രശ്നം പരിഹരിച്ചത്. ബാഴ്സ Bക്ക് പ്രധാനപ്പെട്ട പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാനുണ്ടായിട്ടും അൻസു ഫാറ്റി, റിക്കി പുച്ച്, റൊണാൾഡ് അറൗജോ എന്നിവരെ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് സെറ്റിയെൻ കൈകൊണ്ടത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടറിൻ്റെ രണ്ടാം പാദത്തിൽ നാപ്പോളിയെ നേരിടുമ്പോൾ പരിക്കും സസ്പെൻഷനും മൂലം പല താരങ്ങൾക്കും കളത്തിലിറങ്ങാൻ ആവില്ല എന്നതിനാൽ ഈ യുവതാരങ്ങൾ ഫസ്റ്റ് ടീമിനൊപ്പം തുടരേണ്ടത് അത്യാവശ്യമാണെന്നാണ് സെറ്റിയെൻ അധികൃതരെ ബോധിപ്പിച്ചിരിക്കുന്നത്.
വീഡിയോ റിപ്പോർട്ട് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.