രണ്ട് ക്ലബ്ബുകൾ രംഗത്ത്,വെറാറ്റി ലാലിഗയിലേക്കോ പ്രീമിയർ ലീഗിലേക്കോ?

പിഎസ്ജിയുടെ ഇറ്റാലിയൻ സൂപ്പർ താരമായ മാർക്കോ വെറാറ്റി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. 11 വർഷക്കാലമാണ് അദ്ദേഹം പാരീസിൽ ചിലവഴിച്ചത്. എന്നാൽ കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ കടുത്ത പ്രതിഷേധങ്ങൾ നടത്തിയിരുന്നു.മാർക്കോ വെറാറ്റിയോട് ക്ലബ്ബ് വിട്ട് പുറത്തുപോകാൻ അവർ ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ പെരുമാറ്റത്തിൽ താരം കടുത്ത അസംതൃപ്തനാണ്.

പിഎസ്ജി വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു.താരത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡാണ്.അവർ പിഎസ്ജിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ ഇതുവരെ ഒരു ഫോർമൽ ബിഡ് ഒന്നും അത്ലറ്റിക്കോ നൽകിയിട്ടില്ല. 80 മില്യൺ യൂറോയാണ് പിഎസ്ജി ഈ താരത്തിന് വേണ്ടി ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക നൽകാൻ അത്ലറ്റിക്കോ തയ്യാറായേക്കില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനും ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. കാരണം അവരുടെ മധ്യനിരയിലെ പല താരങ്ങളെയും അവർക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്.പക്ഷേ അവരും ഇതുവരെ ക്ലബ്ബിന് ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. സൗദി അറേബ്യയിലെ വമ്പൻ ക്ലബ്ബായ അൽ ഹിലാൽ ഈ താരത്തിൽ നേരത്തെ താൽപര്യം പ്രകടിപ്പിച്ചവരാണ്. ആകർഷകമായ ഓഫർ തന്നെ അദ്ദേഹത്തിന് സൗദിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷേ സൗദിയെ വെറാറ്റി പരിഗണിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഈ വിവരങ്ങളൊക്കെ തന്നെയും പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ലീഗിൽ 29 മത്സരങ്ങൾ കളിച്ച ഈ താരത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പരിക്കുകൾ ഇദ്ദേഹത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2012ൽ പിഎസ്ജിയിൽ എത്തിയ ഈ ഇറ്റാലിയൻ താരം 400 ൽ പരം മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *