മെസ്സിയുടെ വഴിയേ മറ്റൊരു അർജന്റൈൻ താരം കൂടി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കൂടുമാറിയത്.ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുക. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ലയണൽ മെസ്സിക്ക് ഒരു ഭീമമായ ഓഫർ നൽകിയിരുന്നു. ഒരു ബില്യൺ യൂറോയായിരുന്നു മെസ്സിക്ക് സാലറിയായി കൊണ്ട് അവർ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ ലയണൽ മെസ്സി ഇത്രയും വലിയ ഒരു ഓഫർ നിരസിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ലയണൽ മെസ്സിയുടെ ഇതേ വഴി തന്നെയാണ് ഇപ്പോൾ മറ്റൊരു അർജന്റീന സൂപ്പർതാരമായ പൗലോ ഡിബാലയും തിരഞ്ഞെടുത്തിരിക്കുന്നത്. അതായത് ഡിബാലയെ സ്വന്തമാക്കാൻ അൽ ഹിലാലിന് താല്പര്യമുണ്ടായിരുന്നു. അവർ അദ്ദേഹത്തെ സമീപിക്കുകയും ആകർഷകമായ ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.
Paulo Dybala rejects Al-Hilal’s approach https://t.co/NkMLFzlYg2
— RomaPress (@ASRomaPress) July 4, 2023
എന്നാൽ മെസ്സിയെ പോലെ തന്നെ പൗലോ ഡിബാലയും അൽ ഹിലാലിന്റെ ഓഫർ നിരസിച്ചിട്ടുണ്ട്. അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകാൻ ഇപ്പോൾ താൽപര്യപ്പെടുന്നില്ല.ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് നിലവിൽ ഡിബാല കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് താരതമ്യേനെ മറ്റുള്ള ക്ലബ്ബുകൾക്ക് എളുപ്പമുള്ള ഒരു കാര്യമാണ്. എന്തെന്നാൽ കേവലം 12 മില്യൺ യൂറോ മാത്രമാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.
അതായത് ഡിബാലക്ക് താല്പര്യമുണ്ടെങ്കിൽ റിലീസ് ക്ലോസ് നൽകിക്കൊണ്ട് ഏതൊരു ക്ലബ്ബിനും അദ്ദേഹത്തെ സ്വന്തമാക്കാൻ സാധിക്കും. പക്ഷേ നിലവിൽ ഡിബാല റോമയിൽ തന്നെ തുടരാനാണ് സാധ്യത. ചില പ്രീമിയർ ലീഗ് ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച പ്രകടനം റോമക്ക് വേണ്ടി നടത്തിയിരുന്നു.

