ബീജിംഗിൽ മെസ്സി മാനിയ,പുറത്തിറങ്ങാൻ ബുദ്ധിമുട്ടി അർജന്റീന ടീം!
ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്. പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.പിന്നീട് പത്തൊമ്പതാം തീയതി നടക്കുന്ന മത്സരത്തിൽ ഇൻഡോനേഷ്യയെയും അർജന്റീന നേരിടും. ഇന്തോനേഷ്യക്കെതിരെയുള്ള മത്സരം അവരുടെ തലസ്ഥാനമായ ജക്കാർത്തയിൽ വച്ചാണ് നടക്കുന്നത്.
അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ വെച്ചാണ് അരങ്ങേറുക. ഈ മത്സരങ്ങൾക്ക് വേണ്ടി കഴിഞ്ഞ ദിവസം അർജന്റീന ടീം ബിജിങ്ങിൽ എത്തിയിരുന്നു. വലിയ രൂപത്തിലുള്ള വരവേൽപ്പ് ആയിരുന്നു എയർപോർട്ടിൽ ലോക ചാമ്പ്യന്മാർക്ക് ലഭിച്ചിരുന്നത്. പ്രത്യേകിച്ച് ലയണൽ മെസ്സിക്ക് വേണ്ടിയായിരുന്നു ആരാധകക്കൂട്ടം തടിച്ചുകൂടിയിരുന്നത്.
وصول الحافلة إلى الفندق وسط هتافات المشجعين pic.twitter.com/uKLP1Y1Kxm
— Messi Xtra (@M30Xtra) June 10, 2023
ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായ രൂപത്തിലാണ്. അതായത് അർജന്റീന ടീം താമസിക്കുന്ന ഹോട്ടൽ ആരാധകർ വളഞ്ഞു കഴിഞ്ഞു. ഹോട്ടലിന്റെ പ്രവേശന കവാടവും കഴിഞ്ഞ് ലോബിയിൽ വരെ ആരാധകർ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീന ജേഴ്സികളും പ്ലക്കാർടുകളും ഏന്തിയാണ് ആരാധകർ മണിക്കൂറുകളോളം അവിടെ നിന്നിട്ടുള്ളത്. ഇതിന്റെ ഫലമായിക്കൊണ്ട് അർജന്റീന താരങ്ങൾക്ക് ഹോട്ടൽ വിടാൻ സാധിച്ചിരുന്നില്ല.
ഒരുപാട് നേരം അര്‍ജന്റീന താരങ്ങൾ റൂമിൽ തന്നെ തുടരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ആവശ്യത്തിനുള്ള സെക്യൂരിറ്റി ഫോഴ്സുകളും ഇല്ലാത്തത് തിരിച്ചടിയായി. പിന്നീട് സ്ഥിതിഗതികൾ ശാന്തമായെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഹൂലിയൻ ആൽവരസ് ഒഴികെയുള്ള എല്ലാ താരങ്ങളും ഇപ്പോൾ ദേശീയ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്.വേൾഡ് കപ്പിൽ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയെ തന്നെയാണ് ഒരിക്കൽ കൂടി അർജന്റീനക്ക് നേരിടേണ്ടത്.