ആഞ്ചലോട്ടി ബ്രസീലിനെയും റയലിനെയും പരിശീലിപ്പിക്കട്ടെ : പ്രതീക്ഷ പങ്കുവെച്ച് വിനീഷ്യസ്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിക്കൊണ്ട് വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനം മത്സരത്തിൽ കാഴ്ച വെച്ചിരുന്നു. അവസാനമായി കളിച്ച 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 10 അസിസ്റ്റുകളും നേടി കൊണ്ട് വിനീഷ്യസ് തകർപ്പൻ ഫോമിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.
ഈ സീസണിന് ശേഷം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. ഇതേക്കുറിച്ച് വിനീഷ്യസിനോട് മാധ്യമപ്രവർത്തകൻ അഭിപ്രായം തേടിയിരുന്നു.രണ്ട് ടീമുകളെയും ഒരുമിച്ച് പരിശീലിപ്പിക്കാൻ ആഞ്ചലോട്ടി കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നാണ് തമാശ രൂപേണ വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vinicius Jr. wants Carlo Ancelotti to manage Real Madrid and Brazil 😅 pic.twitter.com/jqJkbDvAQM
— ESPN FC (@ESPNFC) April 13, 2023
“അദ്ദേഹം രണ്ട് ടീമുകളെയും പരിശീലിപ്പിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ്.ബാക്കിയുള്ള വ്യക്തികളുടെ കാര്യങ്ങൾ എങ്ങനെയാണ് എന്നുള്ളത് എനിക്കറിയില്ല.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളവും ഇവിടെയുള്ള താരങ്ങളെ സംബന്ധിച്ചിടത്തോളവും അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ” ഇതാണ് ആഞ്ചലോട്ടിയെ കുറിച്ച് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കോൺട്രാക്ട് കൂടി അവശേഷിക്കുന്നുണ്ട്.റയലിൽ തന്നെ തുടരും എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെങ്കിൽ ആഞ്ചലോട്ടിയുടെ സ്ഥാനം തെറിച്ചേക്കാൻ സാധ്യതയുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.