ഹാലന്റ് മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെപ്പോലെ : വിശദീകരിച്ച് പെപ്.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി സതാംപ്റ്റണെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. ഇതോടുകൂടി ഈ സീസണിൽ 44 ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 30 ഗോളുകളും ഹാലന്റ് നേടിയിട്ടുണ്ട്.

ഈ മത്സരത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഹാലന്റിനെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി താരതമ്യം ചെയ്തിട്ടുണ്ട്. രണ്ടുപേരുടെയും മൈൻഡ് സെറ്റ് ഹാലന്റിന് ഉണ്ട് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.പെപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ,മെസ്സി എന്നിവരുടെ ലവലിൽ എത്തണമെങ്കിൽ ഒരുപാട് വർക്ക് ചെയ്യണം.അവർക്ക് പരിക്കുകൾ പറ്റിയിരുന്നില്ല.ഹാലന്റ് വളരെയധികം ഉയരമുള്ളവനാണ്,അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ ശരീരം നന്നായി സൂക്ഷിക്കണം.പക്ഷേ മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ മൈൻഡ് സെറ്റ് ഹാലന്റിനുണ്ട്. അദ്ദേഹം വളരെയധികം പ്രൊഫഷണൽ ആണ്. പരിശീലനത്തിൽ ആണെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തി കഴിഞ്ഞാൽ അദ്ദേഹം അഞ്ചു മിനിറ്റോളം നിരാശ പ്രകടിപ്പിക്കും.മെസ്സി,റൊണാൾഡോ എന്നിവരെപ്പോലെ അദ്ദേഹം സ്വയം പ്രഷർ ചെലുത്തുന്നുണ്ട്. രണ്ടോ മൂന്നോ ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ തനിക്ക് എന്താണ് പ്രശ്നം എന്നുള്ളത് അദ്ദേഹം ചോദിച്ചു കൊണ്ടേയിരിക്കും. ഈ പ്രായത്തിൽ ഇത്രയധികം ഗോളുകൾ നേടിയതിനാൽ മെസ്സി, റൊണാൾഡോ എന്നിവരുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ് “പെപ് പറഞ്ഞു.

തകർപ്പൻ ഫോമിലൂടെയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ ആണ് സിറ്റി നേടിയിട്ടുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ബയേൺ ആണ് സിറ്റിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *