മാർച്ചിൽ അർജന്റീനയുടെ എതിരാളികൾ ആരാണ്? സാധ്യതകൾ ഇങ്ങനെ!

നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകരുള്ളത്. ഡിസംബർ പതിനെട്ടാം തീയതി ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിലാണ് അർജന്റീന അവസാനമായി കളിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നു.ഇനി മാർച്ച് മാസത്തിലാണ് അർജന്റീനയെ കളിക്കളത്തിൽ കാണാൻ കഴിയുക.

രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന മാർച്ച് മാസത്തിൽ കളിക്കുന്നത്.മാർച്ച് 21നും 28നും ഇടയിലാണ് മത്സരങ്ങൾ കളിക്കുക. അർജന്റീനയിൽ വച്ച് തന്നെയാണ് ഈ രണ്ടു മത്സരങ്ങളും അരങ്ങേറുക. സ്വന്തം കാണികൾക്ക് മുന്നിൽ വേൾഡ് കപ്പ് കിരീട നേട്ടം ആഘോഷിക്കുക എന്നുള്ള ഉദ്ദേശവും ഈ മത്സരങ്ങൾക്കുണ്ട്. ഇക്കാര്യം നേരത്തെ തന്നെ AFA പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ടുതന്നെ ഫിഫ റാങ്കിങ്ങിൽ ഒരല്പം പിറകിൽ നിൽക്കുന്ന ടീമുകളെയാണ് ഈ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി അർജന്റീന പരിഗണിക്കുന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ അർജന്റീന മാധ്യമമായ TNT സ്പോർട്സ് അർജന്റീന പുറത്തുവിട്ടിട്ടുണ്ട്.അതായത് പനാമക്കെതിരെയായിരിക്കും ഒരു മത്സരം അർജന്റീന കളിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടില്ല.

ഒരു എതിരാളി പനാമ ആവാനാണ് ഇപ്പോൾ സാധ്യത കാണുന്നത്.രണ്ടാമത്തെ ടീം ഏതായിരിക്കും എന്നുള്ളത് അവ്യക്തമാണ്.കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലാണ് ആരംഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ജൂൺ മാസത്തിലും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *