മെസ്സിയെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കണം,അർജന്റൈൻ താരങ്ങൾ ശ്രമങ്ങൾ തുടങ്ങിയതായി മാക്ക് ആല്ലിസ്റ്റർ!

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള കാര്യം ലയണൽ മെസ്സി വേൾഡ് കപ്പിന് മുന്നേ തന്നെ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു. ആരാധകർക്ക് വളരെയധികം വേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. അതിനുശേഷം വേൾഡ് കപ്പ് ഫൈനലിനു മുന്നേയും മെസ്സി ഇക്കാര്യം ആവർത്തിച്ചിരുന്നു. അതായത് കഴിഞ്ഞ വേൾഡ് കപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് മത്സരമായിരിക്കും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. കാലത്തിന്റെ കാവ്യനീതിയെന്നോണം മെസ്സി വേൾഡ് കപ്പ് കിരീടം നേടുകയും ചെയ്തിരുന്നു.

ലയണൽ മെസ്സി 2026 വേൾഡ് കപ്പിൽ ഉണ്ടാവില്ല എന്ന് തന്നെയാണ് ഈ പ്രസ്താവനകളിൽ നിന്നൊക്കെ നമുക്ക് മനസ്സിലാവുന്നത്. പക്ഷേ അർജന്റീന താരങ്ങൾ അദ്ദേഹത്തെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയുടെ സഹതാരമായ അലക്സിസ് മാക്ക് ആലിസ്റ്റർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീം വിട്ടുപോവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.ഇത് അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.പക്ഷേ ഞങ്ങൾ അങ്ങനെയല്ല ആഗ്രഹിക്കുന്നത്. അദ്ദേഹം ഇനിയും വേൾഡ് കപ്പിൽ ഞങ്ങളോടൊപ്പം ഉണ്ടാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാര്യം മെസ്സിക്ക് തന്നെ അറിയാം. കഴിഞ്ഞ ദിവസം അദ്ദേഹം ഞങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നു.എല്ലാവർക്കും നല്ലൊരു വർഷം അദ്ദേഹം നേർന്നു. ഞങ്ങളോട് നല്ല സ്നേഹവും നന്ദിയുമൊക്കെയുള്ള വ്യക്തിയാണ് മെസ്സി ” ഇതാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മാക്ക് ആല്ലിസ്റ്റർ അർജന്റീനക്ക് വേണ്ടി നടത്തിയിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ക്ലബ്ബായ ബ്രയിറ്റണിൽ രാജകീയമായ ഒരു വരവേൽപ്പായിരുന്നു മാക്ക് ആല്ലിസ്റ്റർക്ക് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *