നെയ്മർക്ക് ബാഴ്സയിലേക്ക് പോവാൻ പിഎസ്ജിയുടെ അനുമതി, പക്ഷെ ആ തുക ബാഴ്സ മുടക്കണം!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് തിരികെയെത്തുന്നു എന്ന റൂമറുകൾ വീണ്ടും സജീവമാവുന്നു. കഴിഞ്ഞ ദിവസം പ്രമുഖമാധ്യമമായി എഎസ്സ് പുറത്തു വിട്ട ഒരു റിപ്പോർട്ടാണ് വീണ്ടും ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ സജീവമാക്കിയത്. പിഎസ്ജിയും നെയ്മറും തമ്മിൽ ക്ലബ്‌ വിടുന്ന കാര്യത്തിൽ ഒരു കരാറിലെത്തിയതാണ് പുതിയ വാർത്തകൾ. സൂപ്പർ താരത്തിന് ക്ലബ് വിടാൻ പിഎസ്ജി അനുമതി നൽകിയതായാണ് പറയപ്പെടുന്നത്. പക്ഷെ താരത്തെ ക്ലബിൽ എത്തിക്കൽ ബാഴ്സക്ക് എളുപ്പമുള്ള കാര്യമാവില്ല എന്നുള്ളത് കരാറിൽ നിന്ന് തന്നെ വ്യക്തമാണ്. നെയ്മർക്ക് വേണ്ടി ബാഴ്സലോണ 170 മില്യൺ യുറോ മുടക്കിയാൽ മാത്രമേ താരത്തിന് ക്യാമ്പ്നൗവിൽ ചേരാൻ സാധിക്കുകയൊള്ളൂ എന്നാണ് പിഎസ്ജി കരാറിൽ പറയുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ ബാഴ്സയ്ക്കിത് അസാധ്യമായ ഒരു കാര്യമാവും.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ നെയ്മർക്ക് വേണ്ടി കരാറിലെത്താൻ ബാഴ്സ പരിശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. നിലവിൽ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സ താരത്തിന് വേണ്ടി 170 മില്യൺ യുറോ മുടക്കില്ല എന്നുള്ളത് ഏകദേശം ഉറപ്പായ കാര്യമാണ്. അതേസമയം ബാഴ്സക്ക് മുന്നിലുള്ള ഓപ്ഷൻ എന്നുള്ളത് സ്വാപ് ഡീൽ ആണ്. ഉസ്മാൻ ഡെംബലെ, അന്റോയിൻ ഗ്രീസ്‌മാൻ എന്നീ താരങ്ങളിലൊരാളെ ഉൾപ്പെടുത്തിയും ബാക്കി പണമായും നെയ്മറെ ടീമിലെത്തിക്കുക എന്നുള്ളതാണ്. എന്നാൽ നെയ്മറെ വിടാൻ താല്പര്യമില്ലാത്ത പിഎസ്ജി സ്വാപ് ഡീലിന് സമ്മതം മൂളിയേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതിനർത്ഥം നെയ്മറെ ടീമിലെത്തിക്കാൻ ബാഴ്സ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും 170 മില്യൺ യുറോ പണമായി തന്നെ മുടക്കേണ്ടി വന്നേക്കും. നിലവിൽ പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് നെയ്മർ. ഈ ലീഗ് വൺ സീസണിൽ ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് പതിനെട്ട് ഗോളുകളും പത്ത് അസിസ്റ്റുകളും നെയ്മർ നേടിക്കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *